ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസ് തീർപ്പാക്കുന്നത് ഒരു വർഷത്തേക്കുകൂടി നീട്ടി സുപ്രീംകോടതി.
എൻ.ഐ.എ കേസുകളുടെ വിചാരണക്കായുള്ള ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് ജഡ്ജി സമയം രണ്ടുവർഷത്തേക്ക് നീട്ടിനല്‍കാൻ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഒരു വർഷത്തേക്ക് ആക്കി ഭാഗികമായി അംഗീകരിച്ചാണ് ജസ്റ്റിസ് സുന്ദരേശ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.16 വർഷമായി ബംഗളൂരു എൻ.ഐ.എ പ്രത്യേക കോടതിയില്‍ നടന്നുവന്ന വിചാരണയുടെ പ്രധാന നടപടിക്രമങ്ങളായ സാക്ഷി വിസ്താരവും അവസാന വാദവും കഴിഞ്ഞ ജനുവരിയില്‍ പൂർത്തിയായതായിരുന്നു. എന്നാല്‍, സിറ്റി സിവില്‍ പ്രത്യേക ജഡ്ജി കമ്പരാജു വിധി പറയാനിരിക്കെ പ്രസ്തുത കോടതിയില്‍നിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റി.
പുതുതായി കേസ് മാറ്റിയതിനെ തുടർന്ന് വിചാരണ ചുമതലയുള്ള ജഡ്ജി ജൂലൈ 20ന് അയച്ച കത്ത് പരിശോധിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുമ്പ് രണ്ടുതവണ സമയം നീട്ടി നല്‍കിയിരുന്നിട്ടും പുതിയ കാരണം ചൂണ്ടിക്കാട്ടി വീണ്ടും സമയം നീട്ടിനല്‍കാനുള്ളതാണ് ഈ അപേക്ഷ.
മാത്രമല്ല, പ്രതി താജുദ്ദീൻ ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി. ഈ കാര്യങ്ങള്‍ കണക്കിലെടുത്ത്, വിചാരണ പൂർത്തിയാക്കുന്നതിനുള്ള സമയം ഒരു വർഷത്തേക്കുകൂടി നീട്ടിനല്‍കുന്നെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുന്ദരേഷ് ഒരു കാരണവശാലും ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് കൂട്ടിച്ചേർത്തു.
പുതിയ ജാമ്യാപേക്ഷ നല്‍കാൻ താജുദ്ദീന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോള്‍, മുൻ ഉത്തരവുകള്‍ സ്വാധീനിക്കാതെ പുതിയ അപേക്ഷയുടെ യോഗ്യത മാത്രം നോക്കി അതില്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സ്ഫോടന കേസിലെ പതിനേഴാം പ്രതി താജുദ്ദീൻ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹരജി തള്ളി 2025 നവംബറില്‍ കേസ് നാല് മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 2026 മാർച്ചില്‍ വീണ്ടും നാല് മാസം കൂടി സമയം നല്‍കി.
അതിനിടയിലാണ് കേസ് നടപടിക്രമങ്ങള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റി ബാംഗ്ലൂർ ഹൈകോടതിയുടെ ഉത്തരവ് വന്നത്. അതിനെതിരെ താജുദ്ദീനും മഅ്ദനിയും വിചാരണ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വെവ്വേറെ ഹരജികള്‍ സമർപ്പിച്ചിരുന്നു.
അവ പരിഗണിക്കാനിരിക്കെയാണ് വിചാരണ പൂർത്തിയാക്കാൻ രണ്ടുവർഷം കൂടി സമയം ആവശ്യപ്പെട്ട് പുതിയ ജഡ്ജി സുപ്രീംകോടതിക്ക് കത്തെഴുതുന്നത്. പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.