അഹമ്മദാബാദ്: ആണ്‍സുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബില്‍ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ. മൂന്ന് മാസം മുൻപ് ഒരു ആണ്‍സുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിനെത്തുടർന്ന് അച്ഛനും സഹോദരനും പെണ്‍കുട്ടിയെ നിരന്തരം വഴക്കുപറയുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന വൈരാഗ്യത്തിലാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഓഗസ്റ്റ് 12 ന് രാത്രിയില്‍, സഹോദരനായ ഹാബില്‍ തന്‍റെ ബൈക്കിന്‍റെ പിന്നില്‍ സോഫിയയെ ഇരുത്തി സര്ഖേജിനടുത്തുള്ള ഘെല്‍ജിപ്പുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കയ്യില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് ഹാബില്‍ സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു. ഈ സമയം പിതാവ് മുഹമ്മദ് ഫാറൂഖ് സഹായത്തിനായി കൂടെയുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം പൊതുറോഡിലേക്ക് മാറ്റിയിട്ട പ്രതികള്‍, വാഹനാപകടത്തില്‍ പരിക്കേറ്റതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഓടിച്ചു പോയതാണെന്ന് കാണിച്ച് ഇരുവരും പോലീസില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 13-ന് മരണത്തിന് കീഴടങ്ങി. പ്രതികൾ മെനഞ്ഞ വാഹനാപകട കഥയില്‍ സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തുകയും സംഭവസ്ഥലങ്ങളിലെ റൂട്ട് മാപ്പും സാഹചര്യങ്ങളും പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.