കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയെന്ന സംഭവത്തിൽ ഗൗരവകരമായ ആക്ഷേപങ്ങളെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതിനെ തുടർന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് വിഷയത്തിൽ ഇടപെടുകയും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണത്തിനായി ആശുപത്രി അധികൃതർ മൂന്നംഗ സമിതിയെ രൂപീകരിച്ചു.
മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുഞ്ഞിന്റെ കുടുംബം നൽകിയ പരാതിയിലെ മുഴുവൻ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിലാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 24-ന് കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്ന് എൻ.ഐ.സി.യുവിൽ ചികിത്സ നൽകിയിരുന്നു. ഈ സമയത്ത് ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറിയതെന്നാണ് മാതാപിതാക്കളുടെ പരാതി. തുടർന്ന് ഒരു വർഷത്തോളം കഠിനമായ വേദന അനുഭവിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലും ശസ്ത്രക്രിയയിലുമാണ് ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി പുറത്തെടുത്തത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സമിതി ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.