ന്യൂഡൽഹി: കാമുകനുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി ജീവനൊടുക്കി. നാഗ്പുരിലാണ് നടുക്കുന്ന സംഭവം നടന്നത്. യുവാവുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. നാഗ്പുരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ യുവാവ് പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുൻപ് യുവാവ് തന്റെ സുഹൃത്തിനൊപ്പം യുവതിയുടെ മാതാവിനെ സമീപിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് യുവാവിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഈ വിവരം യുവാവ് യുവതിയിൽ നിന്ന് മറച്ചുവെക്കുകയും നാഗ്പുരിലെത്തി കാണുന്നത് തുടരുകയും ചെയ്തു. പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറുകയും, ഒടുവിൽ വിവാഹം കഴിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബർ 19ന് രാത്രി യുവതി ഇയാളെ വിഡിയോ കോൾ ചെയ്ത് താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അറിയിച്ചു. എന്നാൽ യുവാവ് അവളെ തടയാൻ തയാറായില്ലെന്നും കോളിനിടയിൽ തന്നെ യുവതി തൂങ്ങിമരിച്ചെന്നും യുവതിയുടെ മാതാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. യുവതി മരിച്ചതിനു ശേഷവും വിഡിയോ കോൾ 23 മിനിറ്റോളം നീണ്ടുനിന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിവാഹത്തിന് നിർബന്ധിച്ചാൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പരാതിപ്പെടുന്നു. നിരന്തരമായ ഭീഷണിയും വഞ്ചനയും യുവതിയെ മാനസികമായി തളർത്തിയിരുന്നു. സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ കൗൺസലിങ് സേവനങ്ങൾ തേടുക. ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറുകൾ: DISHA - 1056, 0471-2552056)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.