എറണാകുളം: മധ്യകേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
എന്നാൽ രാവിലെ മാത്രം പുറത്തുവന്ന കലക്ടർമാരുടെ അവധി പ്രഖ്യാപനം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലച്ചു. എറണാകുളത്ത് പുലർച്ചെ നാലോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിയന്തരമായി അവധി നൽകിയത്.എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കലക്ടർ ജി പ്രിയങ്ക അറിയിച്ചു. ജില്ലയിലെ ആയിരത്തിയിരുന്നൂറോളം സ്കൂളുകൾക്കും ഇരുന്നൂറിലേറെ കോളജുകൾക്കുമാണ് അവധി ബാധകമാകുക.
പുലർച്ചെ നാല് മുതൽ ഏഴ് വരെ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും മഴ അതിശക്തമായി തുടരുന്നതിനാലുമാണ് നടപടി. പുലർച്ചെ 5.20ഓടെയാണ് കലക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. വ്യാഴാഴ്ച രാത്രി ജില്ലയിൽ ഇന്ന് സാധാരണ പ്രവൃത്തിദിനമായിരിക്കുമെന്ന് കലക്ടർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ രാത്രി നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും കനത്ത മഴ പെയ്യുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു.
ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കുസാറ്റ് കാമ്പസിൽ വ്യാഴാഴ്ച രാത്രി മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾക്കും കമ്പികൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചു. മലയോര തീരദേശ മേഖലകളിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കലക്ടർക്കെതിരെ രൂക്ഷവിമർശനം
അവസാന നിമിഷമുള്ള അവധി പ്രഖ്യാപനം രക്ഷിതാക്കളെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. കുട്ടികളെ സ്കൂളിലേക്ക് അയക്കാനായി ഭക്ഷണം തയാറാക്കുകയും ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പലരും വാർത്തയറിയുന്നത്. കലക്ടറുടെ ഫേസ്ബുക്ക് പേജിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ചുറ്റുമുള്ള ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുപോലും എറണാകുളം കലക്ടർ അവധി ഇല്ലെന്ന പ്രഖ്യാപനമാണ് ആദ്യം നടത്തിയതെന്നും ദൂരെനിന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിശാന്ത് സി എസ് എന്നയാൾ കമൻ്റ് ചെയ്തു.
ഈ കലക്ടറെ വല്ല കോർപറേഷൻ്റെയും എംഡിയാക്കി സ്ഥലം മാറ്റണമെന്നും മുൻപുണ്ടായിരുന്ന കലക്ടർ മതിയായിരുന്നുവെന്നും നെവിൻ ലെനിൻ പ്രതികരിച്ചു. ഭരണ തലപ്പത്തെ സിസ്റ്റം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുകയാണെന്നും പ്രവീഷ് നാരായണൻ വിമർശിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.