ലണ്ടൻ; കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തുടർന്നുള്ള സംഘർഷത്തെ തുടർന്ന് നോർഫോക്കിലെ തെറ്റ്‌ഫോർഡിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയും കാന്റർബറി വേ മേഖലയിൽ വൻ പൊലീസ് സന്നാഹം വിന്യസിക്കുകയും ഒരാളെഅറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ അഭയാർഥികൾ താമസിക്കുന്ന വീടുകൾ പ്രതിഷേധക്കാർ ലക്ഷ്യമിട്ടതായി പൊലീസ് അറിയിച്ചു.ചില വീടുകളുടെ ജനലുകൾ തകർക്കുകയും വേലികൾ നശിപ്പിക്കുകയും ഒരു വീട്ടിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ക്ലോവർ വേയിൽ 200ലേറെ പേർ ഒത്തുകൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. വീടുകൾക്കുനേരെ മുട്ടയും കല്ലുകളും എറിയുകയും ആളുകളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സംഘർഷത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനു കല്ലേറിൽ പരുക്കേറ്റപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഒരാൾ കടിച്ചതിനെ തുടർന്ന് ചർമത്തിൽ മുറിവേറ്റതായി നോർഫോക്ക് പൊലീസ് അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സംഘർഷവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പൊതുസമാധാന ലംഘന കുറ്റം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
ബുധനാഴ്ച രാത്രിയിലെ സംഭവങ്ങൾക്ക് പിന്നാലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. 40 വയസ്സുള്ള ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. തെറ്റ്‌ഫോർഡ് സ്വദേശിയായ 68കാരനെ മരത്തടി ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വച്ചന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കാനുള്ള നടപടികളും സ്വീകരിച്ചു.
സ്ഥിതി നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകിട്ട് ആറു മുതൽ വെള്ളിയാഴ്ച രാവിലെ ഏഴു വരെ പൊലീസിനു ഭരണകൂടം പ്രത്യേക അധികാരങ്ങൾ നൽകി. മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ ആവരണങ്ങളോ നീക്കാൻ പൊലീസ് നിർദേശിക്കാം. അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്യാനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയോ അതിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരെയോ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനും പൊലീസിന് അധികാരമുണ്ട്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പൊലീസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അക്രമം അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജൂലി ഡീൻ വ്യക്തമാക്കി. പൊതുജനങ്ങൾക്കോ പ്രദേശവാസികൾക്കോ പൊലീസുകാർക്കോ എതിരായ അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.സംഭവങ്ങളെ ഹോം ഓഫിസും അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെങ്കിലും അക്രമവും കലാപവും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ നിയമത്തിന്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരുമെന്നും ഹോം ഓഫിസ് വ്യക്തമാക്കി.
സൗത്ത് വെസ്റ്റ് നോർഫോക്ക് ലേബർ എംപി ടെറി ജെർമിയും സംഭവങ്ങളെ അപലപിച്ചു. വീടുകളിൽ അതിക്രമിച്ചുകയറി ആളുകളെ പുറത്തേക്ക് വലിച്ചിറക്കുന്നതും വസ്തുക്കൾ നശിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കുടിയേറ്റത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കിലും ആൾക്കൂട്ട നിയമവും സ്വയം നിയമം കൈയിലെടുക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.