ന്യൂഡൽഹി; പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കെന്ന് അധികൃതർ പറഞ്ഞു.14 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി അമിത് ഷാ പറഞ്ഞു.സംഘത്തിൽനിന്ന് ഐഇഡികൾ, പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, ചാരപ്പണിക്ക് ഉപയോഗിച്ച സിസിടിവി ക്യാമറകൾ എന്നിവ പിടിച്ചെടുത്തതായി അമിത്ഷാ പറഞ്ഞു.
ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ എൺപതിലധികം എഫ്‌ഐആറുകളും ഇരുന്നൂറിലധികം അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്– പ്രതിരോധ സേനകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താനും ചാരപ്പണിക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഈ ഭീകരസംഘടന പ്രാദേശിക ഏജന്റുമാർക്ക് പണം നൽകിയിരുന്നതായി അധികൃതർ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റിലായവർ: ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം (2 വീതം). പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയിക്കുന്നയാളും പാക്ക് ഭീകരരുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശിയും പിടിയിൽ ആയവരുടെ കൂട്ടത്തിലുണ്ട്.
പാക്കിസ്ഥാൻ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നാണ് ഷെഹ്സാദ് ഭട്ടി പ്രവർത്തനം നടത്തുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സമൂഹമാധ്യമത്തിലൂടെയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഉത്തരേന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഭട്ടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.