യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കൗമാര കൊലയാളികൾ

യുകെ ;വിരൽത്തുമ്പിലെ ക്രിമിനൽ നെറ്റ്‌വർക്കുകൾ യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നു.

സമൂഹമാധ്യമത്തിലൂടെ വഞ്ചിക്കപ്പെട്ട്, പണത്തിന്റെ തിളക്കത്തിൽ ആകൃഷ്ടരായി, കൊലപാതകങ്ങൾക്ക് കോപ്പുകൂട്ടുന്ന കൗമാരക്കാരുടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു കാലത്ത് അധോലോക സംഘങ്ങൾ ക്വട്ടേഷൻ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും ഉപയോഗിച്ചിരുന്നത് ക്രൂരരും പരിചയസമ്പന്നരുമായ കുറ്റവാളികളെയായിരുന്നു. എന്നാൽ ഇന്ന് ആ ചിത്രം പൂർണമായും മാറിയിരിക്കുന്നു. 

യൂറോപ്പിലെ തെരുവുകളിൽ ഇപ്പോൾ വെടിയുതിർക്കുന്നത് വൻകിട അധോലോക കുറ്റവാളികളല്ല, മറിച്ച് മൊബൈൽ സ്ക്രീനുകളിലേക്ക് നോക്കി വിഡിയോ ഗെയിം കളിക്കുന്നതുപോലെ ഉത്തരവുകൾ നടപ്പിലാക്കുന്ന കൗമാരക്കാരാണ്! യൂറോപ്പിലുടനീളം ഭീതി വിതയ്ക്കുന്ന ഈ പുതിയ കുറ്റകൃത്യ ശൈലിക്ക് പിന്നിൽ ‘ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്ക്’ എന്ന സ്വീഡിഷ് അധോലോക സംഘടനയാണെന്ന് രാജ്യാന്തര അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. 

യൂറോപോൾ ഇതിനെ വിശേഷിപ്പിക്കുന്നത് ‘വയലൻസ് ആസ് എ സർവീസ്’ എന്നാണ്. അതായത്, ആർക്കും പണം നൽകി ഓർഡർ ചെയ്യാവുന്ന ഒന്നുപോലെ അക്രമത്തെ ഒരു സേവനമായി മാറ്റിയിരിക്കുന്നു.സമൂഹമാധ്യമത്തിലെ കെണി: കൗമാരം എങ്ങനെ കൊലയാളികളാകുന്നു? മുതിർന്ന കുറ്റവാളികളെ നേരിട്ട് രംഗത്തിറക്കിയാൽ പൊലീസ് പിടിയിലാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനാണ് ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്ക് കൗമാരക്കാരെ ലക്ഷ്യമിടുന്നത്. 

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന, അല്ലെങ്കിൽ മാറ്റിനിർത്തപ്പെട്ട കൗമാരക്കാരെയാണ് ഇവർ കണ്ടെത്തുന്നത്. ഒറ്റ രാത്രികൊണ്ട് ജീവിതം മാറിമറിയുമെന്ന പ്രതീക്ഷ നൽകി ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന നേതാക്കളോ സംഘാടകരോ ഈ കുട്ടികളുമായി നേരിട്ട് സംസാരിക്കാറില്ല. സിഗ്നൽ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് നിർദേശങ്ങൾ കൈമാറുന്നത്.

ഒരു വിഡിയോ ഗെയിമിൽ അടുത്ത ലെവലിലേക്ക് കടക്കുന്നതുപോലെ ഡിജിറ്റൽ മാപ്പുകളും, ആയുധങ്ങൾ ഒളിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിഡിയോകളും, അടുത്തതായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റും ഇവർക്ക് ഘട്ടംഘട്ടമായി മൊബൈലിലേക്ക് അയച്ചുനൽകുന്നു.

എന്നാൽ ഈ കൗമാരക്കാരിൽ ഭൂരിഭാഗത്തിനും ചെയ്യാനൊരുങ്ങുന്ന കുറ്റകൃത്യത്തിന്റെ നിയമവശങ്ങളെക്കുറിച്ചോ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചോ യാതൊരു അറിവുമുണ്ടാകാറില്ല. അതിലും ദാരുണമായ വസ്തുത, കുറ്റകൃത്യം ചെയ്തതിന് ശേഷം പൊലീസിന്റെ പിടിയിലാകുന്നതോടെ ഇവർക്ക് വാഗ്ദാനം ചെയ്ത പണം ഒരിക്കലും ലഭിക്കാറില്ല എന്നതാണ്. അധോലോക നേതാക്കളെ സംബന്ധിച്ചിടത്തോളം ഇവർ വെറും ഉപയോഗിച്ച് തള്ളാവുന്ന കരുക്കൾ മാത്രമാണ്.സ്റ്റോക്ക്ഹോമിലെ ദുരന്തവും വെളിപ്പെടലുകളും ഈ നെറ്റ്‌വർക്കിന്റെ ക്രൂരമായ പ്രവർത്തനരീതി ലോകമറിഞ്ഞത് സ്റ്റോക്ക്ഹോമിൽ നടന്ന ഒരു ദാരുണ സംഭവത്തിലൂടെയാണ്. 

റസ്റ്ററന്‍റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 20 വയസ്സുകാരനായ മുറാദ് അബ്ദുൽഖാദർ എന്ന വിദ്യാർഥി വീടിന് മുന്നിൽവച്ച് ക്രൂരമായി വെടിയേറ്റ് കൊല്ലപ്പെട്ടു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. മുറാദ് ആ സംഘത്തിന്റെ ലക്ഷ്യമേ ആയിരുന്നില്ലെന്നും പണത്തിന് വേണ്ടി ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്കിന്റെ കരാർ ഏറ്റെടുത്ത 18 വയസ്സുകാരനായ അതില്ല അസിമോവ് എന്ന കൗമാരക്കാരന് ആളുമാറിപ്പോയതായിരുന്നു എന്നുമാണ്.

ഈ കൊലപാതകത്തിന് പണം വാഗ്ദാനം ചെയ്ത് അസിമോവിനെ റിക്രൂട്ട് ചെയ്തത് ‘ജനറലൻ’ എന്ന ഓൺലൈൻ ഐഡിയിലുള്ള 16 വയസ്സുകാരനായ മറ്റൊരു കൗമാരക്കാരനായിരുന്നു! തടവറയിൽ കഴിയുന്ന ഈ കുട്ടികൾക്ക് ചെയ്ത ക്രൂരതയ്ക്ക് ഒരു രൂപ പോലും പ്രതിഫലമായി ലഭിച്ചിരുന്നില്ല.

പൊളിറ്റിക്കൽ വയലൻസ്: ഇറാനിലെ സൂത്രധാരൻ സ്വീഡനിലെ ലഹരിമരുന്ന് കച്ചവടത്തിലൂടെയും ഗാംഗ് വൈലൻസിലൂടെയും വളർന്ന ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്കിന് ഇന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. നെറ്റ്‌വർക്കിന്റെ തലവനായ റാവ മജിദ് സ്വീഡനിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് കഴിയുന്നത്.

സ്വീഡിഷ് ഇൻവെസ്റ്റിഗേറ്റിവ് മാധ്യമപ്രവർത്തകനായ ഡയമണ്ട് സാലിഹു വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഇറാനിൽ സ്വതന്ത്രമായി ജീവിക്കാൻ റാവ മജിദ് ഭരണകൂടവുമായി ഒരു കരാറിലെത്തുകയായിരുന്നു. ഇറാന്റെ ശത്രുക്കളായ മാധ്യമപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ, യൂറോപ്പിലെ ഇസ്രയേൽ ബന്ധമുള്ള സ്ഥാപനങ്ങൾ എന്നിവർക്കെതിരെ ആക്രമണം നടത്താൻ റാവ മജിദ് തന്റെ നെറ്റ്‌വർക്കിനെ ഉപയോഗിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

2022 മുതൽ ഇത്തരത്തിൽ ഏകദേശം മുപ്പത്തിയഞ്ചോളം കൊലപാതകങ്ങൾക്ക് ഈ നെറ്റ്‌വർക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് ബ്രിട്ടനും യുഎസും റാവ മജിദിനും ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്കിനുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. (എന്നാൽ ഈ ആരോപണങ്ങൾ ഇറാൻ പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്).

യുകെയിലെ വധശ്രമവും ‘ഏജന്റ് 47’ഉം ബ്രിട്ടനിൽ നടന്ന മറ്റൊരു സംഭവം ഈ രാജ്യാന്തര നെറ്റ്‌വർക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. യുകെയിലെ ഹഡേഴ്‌സ്ഫീൽഡിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് യോഹാനസ് നാറ്റ്‌ലാന്റ് എന്ന 19 വയസ്സുകാരനായ നോർവീജിയൻ യുവാവിനെ ബ്രിട്ടിഷ് കൗണ്ടർ ടെററിസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.

സമൂഹമാധ്യമത്തിലൂടെ ‘Killing in England 270k’ (ഏകദേശം 21,000 പൗണ്ട്) എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നാറ്റ്‌ലാന്റ് ഇതിന് മുതിർന്നത്. ഹിറ്റ്‌മാൻ എന്ന വിഡിയോ ഗെയിമിലെ കഥാപാത്രത്തിന്റെ പേരായ ‘ഏജന്റ് 47’ എന്ന ഓൺലൈൻ ഐഡിയിലുള്ള ആളായിരുന്നു ഇയാളെ നിയന്ത്രിച്ചിരുന്നത്.

വിമാന ടിക്കറ്റ് എടുത്തുനൽകുന്നതു മുതൽ വ്യാജ പാസ്‌പോർട്ട്, കാട്ടിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ഡിജിറ്റൽ മാപ്പ് എന്നിവയെല്ലാം സിഗ്നൽ ആപ്പ് വഴി കൈമാറി. എന്നാൽ ആരെയാണ് കൊല്ലേണ്ടതെന്ന് പോലും നാറ്റ്‌ലാന്റിന് അറിയുന്നതിന് മുൻപ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ‘ഏജന്റ് 47’ എന്ന പേരിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് റാവ മജിദിന്റെ അടുത്ത അനുയായിയായ അലി ഷെഹാദ് അഹമ്മദ് ആണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

രാജ്യാന്തര നീക്കങ്ങൾ: ‘ഓപ്പറേഷൻ ഗ്രിം’ ഈ ഭീഷണി ചെറുക്കാൻ യൂറോപോളിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ടാസ്‌ക് ഫോഴ്‌സ് ഗ്രിം’ രൂപീകരിച്ചു. യുകെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലാൻഡ്‌സ് ഉൾപ്പെടെ 11 രാജ്യങ്ങളിലെ പൊലീസ് ഏജൻസികൾ ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നത്.

ഭീതി പടരുന്നു ഏറ്റവും ആശങ്കാജനകമായ കാര്യം, ഫോക്‌സ്‌ട്രോട്ട് നെറ്റ്‌വർക്ക് വിജയകരമായി നടപ്പാക്കിയ ഈ ‘വയലൻസ് ആസ് എ സർവീസ്’ മാതൃക യൂറോപ്പിലെ മറ്റ് അധോലോക സംഘങ്ങളും പിന്തുടരാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഫോക്‌സ്‌ട്രോട്ടിന്റെ പ്രധാന എതിരാളികളായ ‘ഡാലൻ നെറ്റ്‌വർക്ക്’ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കൗമാരക്കാരെ സമാനമായി ഉപയോഗിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ ദുരുപയോഗവും കുട്ടികളുടെ നിഷ്കളങ്കതയും ചേർത്തുവച്ച് അധോലോക ശക്തികൾ തീർക്കുന്ന ഈ നെറ്റ്‌വർക്കുകൾ തകർക്കുക എന്നത് യൂറോപ്യൻ പൊലീസിന് വലിയൊരു വെല്ലുവിളിയാണ്. അക്രമത്തിന്റെ സൂത്രധാരന്മാർ അതിർത്തികൾക്കപ്പുറത്ത് സുരക്ഷിതരായിരിക്കുമ്പോൾ, ജീവിതം ഹോമിക്കപ്പെടുന്നത് കൈകളിൽ തോക്കേന്തിയ ഒരുപറ്റം പാവം കൗമാരക്കാരുടേതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !