ഈരാറ്റുപേട്ട: ‘ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ല..’
അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളിയുവതി സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികളെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ ഈരാറ്റുപേട്ടയിലെ തഴച്ചവയൽ എന്ന കൊച്ചുപ്രദേശത്തെയും ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.രണ്ടുകൂട്ടികാരികളെയും ദാരുണമായി കൊലപ്പെടുത്തിയത് തങ്ങളുടെ നാട്ടുകാരി അനിലയാണെന്ന് വിശ്വസിക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. അത്രയും നല്ല അഭിപ്രായമാണ് അനിലയേയും കുടുംബത്തേയുംകുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയൽ സ്വദേശി മാറാമറ്റം വീട്ടിൽ അനിലയാണ് അറസ്റ്റിലായിരിക്കുന്നത്. യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമികനിഗമനം. യുവതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിൽ നിന്നേ ആക്രമണകാരണം വ്യക്തമാവുകയുള്ളൂ. എന്നാൽ, ഇത്തരത്തിലൊരു ക്രൂരകൃത്യംചെയ്യാൻ തങ്ങൾക്കറിയുന്ന അനിലയ്ക്കാവില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. സ്വതവേ ശാന്തസ്വഭാവമായിരുന്നു അനിലയുടേത്, ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം നല്ല പെരുമാറ്റം. അനിലയെക്കുറിച്ചോ ആ വീട്ടുകാരെക്കുറിച്ചോ ആർക്കും നല്ലതല്ലാത്ത അഭിപ്രായമില്ല.
സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത കുടുംബം. നാട്ടിൽ ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. യുഎസിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ടയും സന്തോഷവതിയുമായിരുന്നു എന്നാണ് നാട്ടുകാരുടെ അറിവ്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും യുഎസിൽ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരൻ കാനഡയിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലെ വീട്ടിൽ നിലവിൽ ആരുമില്ല. യുഎസിലെ ജോലിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു.
എന്നാൽ, ജോലി പോയി എന്നതിന്റെ വിഷാദത്തിൽ അനില ഇത്രവലിയ ഒരു കടുംകൈക്ക് മുതിരുമെന്ന് വിശ്വസിക്കാൻ പ്രയാസമെന്നാണ് അവരുടെ അഭിപ്രായം. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു അനിലയും മരിച്ച അഞ്ജനയും ആനിയും തമ്മിൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പക്ഷം.
ആഴ്ചകൾക്ക് മുമ്പ് അവസാനമായി സിനിമയ്ക്ക് പോയതും കഴിഞ്ഞ ആഴ്ച ഓണം ആഘോഷിച്ചതും കൂട്ടുകാരികൾ ഒരുമിച്ചായിരുന്നു. ഒരൊറ്റ രാത്രിയിലാണ് എല്ലാം മാറിമറിഞ്ഞത്. സംഭവദിവസം, ഫ്‌ളാറ്റിലായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തിയാണ് അനില കാറിടിച്ചുകൊലപ്പെടുത്തിയത്. തുടർന്ന് നിർത്താതെ പോയ കാർ സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കിയാണ് പോലീസ് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ് ഉടൻ ഇവരുടെ പൊതുസുഹൃത്തായ ആനിയുടെ ഭർത്താവ് ജേക്കബ്ബിനെ വിളിച്ച് വിവരം അറിയിച്ചു.
ആനിയെ ജേക്കബ്ബ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ, ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലുള്ള വീട്ടിൽ പോലീസ് എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുത്തേറ്റുമരിച്ചനിലയിൽ ആനിയുടെ മൃതശരീരം കണ്ടെത്തിയത്. എട്ടുവർഷമായി അഞ്ജനയും സോഫ്റ്റ്വേർ എൻജിനീയറായ ഭർത്താവ് വിജീഷും കാലിഫോർണിയയിലാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു അഞ്ജന. വിജീഷ് വിലങ്ങന്നൂർ സ്വദേശിയാണ്. മകൾ: വാമിക. ആൻഡ്രീന, അലീസ എന്നിവരാണ് ആനിയുടെ മക്കൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.