പോലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം..!

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ-സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) സംവിധാനം പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.

തന്ത്രപ്രധാനമായ പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരും. മറ്റ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കി സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കാനാണ് തീരുമാനം.

ഇതിൻ്റെ ഭാഗമായി ജില്ലകളിൽ അധികമുള്ളതായി കണ്ടെത്തിയ 203 ഇൻസ്പെക്ടർ തസ്തികകൾ പുനർവിന്യസിക്കും. 2026 ഓഗസ്റ്റ് 14ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി. 2017ലും 2018ലും പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകളിലൂടെയാണ് ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കിയ സംവിധാനം നിലവിൽ വന്നത്. ആദ്യം 196 പൊലീസ് സ്റ്റേഷനുകളിലാണ് ഈ മാറ്റം കൊണ്ടുവന്നത്. പിന്നീട് 268 സ്റ്റേഷനുകളിലേക്കുകൂടി സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു.

സമഗ്ര പഠനത്തിന് ശേഷമുള്ള മാറ്റം

നിലവിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം പൊലീസ് കാര്യക്ഷമതയെയും സേവനവിതരണത്തെയും എത്രത്തോളം സഹായിക്കുന്നുവെന്നും ഘടനാപരമായ പുനഃസംഘടന ആവശ്യമുണ്ടോയെന്നും പരിശോധിക്കാൻ എ.ഡി.ജി.പി (ഹെഡ്ക്വാർട്ടേഴ്സ്) അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ വിന്യാസരീതി, മേൽനോട്ട സംവിധാനം, പ്രവർത്തനപരമായ ആവശ്യകതകൾ, ഭരണപരമായ വെല്ലുവിളികൾ എന്നിവ സമിതി വിശദമായി പരിശോധിച്ചു.സബ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം വീണ്ടും കൊണ്ടുവരുന്നത് നിരവധി നേട്ടങ്ങളുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. മേൽനോട്ട സംവിധാനം മെച്ചപ്പെടുത്തുക, നേരിട്ട് റിക്രൂട്ട് ചെയ്യുന്ന സബ് ഇൻസ്പെക്ടർമാർക്ക് കൂടുതൽ പ്രൊഫഷണൽ പരിശീലനവും വളർച്ചയും ഉറപ്പാക്കുക, പൊതുജനങ്ങളുടെ പരാതികൾക്ക് കൂടുതൽ ഫലപ്രദമായി പരിഹാരം കാണുക, ഇൻസ്പെക്ടർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുക എന്നിവയാണ് പ്രധാന നേട്ടങ്ങൾ. ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഇൻസ്പെക്ടർമാർക്ക് കൂടുതൽ ശ്രദ്ധ നൽകാൻ കഴിയുക, ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിക്കും ഭരണപരമായ സൗകര്യങ്ങൾക്കും കൂടുതൽ സാധ്യത ഒരുക്കുക, സംഘടനാപരമായ സമ്മർദം കുറയ്ക്കുക എന്നിവയും സമിതി ചൂണ്ടിക്കാട്ടി.

63 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തുടരും

സബ് ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കുന്നതിനൊപ്പം സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കാനാണ് സമിതി ശുപാർശ ചെയ്തത്. എന്നാൽ തന്ത്രപ്രധാനമായ 63 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ എസ്.എച്ച്.ഒമാരായി തുടരും. ഇതിന് പുറമെ ജില്ലകളിലായി അധികമായി കണ്ടെത്തിയ 203 ഇൻസ്പെക്ടർ തസ്തികകൾ വിവിധ വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കും.

കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി സൈബർ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് തസ്തികകളും സൈബർ ഹെഡ്ക്വാർട്ടേഴ്സിൽ ഒരെണ്ണവും ഇതിൽ ഉൾപ്പെടുന്നു. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർമാർക്ക് 20, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്ക് 20, ജില്ലാ ക്രൈം ബ്രാഞ്ചുകൾക്ക് 20, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾക്ക് 20 എന്നിങ്ങനെയാണ് വിന്യാസം. ജില്ലാ നാർക്കോട്ടിക് സെല്ലുകൾക്ക് 40, ആൻ്റി ടെററിസ്റ്റ് സ്ക്വാഡിന് ആറ്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് 14, ആൻ്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സിന് ആറ്, ഇക്കോണോമിക് ഒഫൻസ് വിങ്ങിന് 19, സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റിന് ഒന്ന് എന്നിങ്ങനെയും തസ്തികകൾ നൽകും. കോഴിക്കോട് സിറ്റി ട്രാഫിക്, എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) ഓഫിസ്, നോർത്ത്-സൗത്ത് സോൺ ഐ.ജി ഓഫിസുകൾ, ഡി.ഐ.ജി റേഞ്ച് ഓഫിസുകൾ, എസ്.എസ്.ബി, നിയമകാര്യ-നിയമസഭാ ചോദ്യ വിഭാഗം, വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ എന്നിവിടങ്ങളിലേക്കും തസ്തികകൾ മാറ്റിവയ്ക്കും.59 സ്റ്റേഷനുകളിൽ എസ്.ഐ തസ്തിക

നിലവിൽ 59 പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർ തസ്തിക അനുവദിച്ചിട്ടില്ല. ഈ സ്റ്റേഷനുകളിലേക്ക് ഓരോ സബ് ഇൻസ്പെക്ടർ തസ്തിക വീതം നൽകുന്നതിനായി വിവിധ വിഭാഗങ്ങളിൽനിന്ന് തസ്തികകൾ മാറ്റിവയ്ക്കും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽനിന്ന് 10, വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയിൽനിന്ന് മൂന്ന്, കേരള പൊലീസ് അക്കാദമിയിലെ അൺക്ലാസിഫൈഡ് തസ്തികകളിൽനിന്ന് 10, ഇക്കോണോമിക് ഒഫൻസ് വിങ്ങിൽനിന്ന് അഞ്ച്, ക്രൈം ബ്രാഞ്ചിൽനിന്ന് 31 എന്നിങ്ങനെയാണ് 59 തസ്തികകൾ കണ്ടെത്തുന്നത്.

നടപ്പാക്കാൻ രണ്ട് മാസം

പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരില്ല. പരിശീലനവും അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങളും നടത്തുന്നതിന് കുറഞ്ഞത് രണ്ട് മാസത്തെ സമയത്തിന് ശേഷമേ പുതിയ സംവിധാനം നടപ്പാക്കാവൂ എന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. എസ്.എച്ച്.ഒമാരായി ചുമതലയേൽക്കുന്ന സബ് ഇൻസ്പെക്ടർമാർക്ക് രണ്ടാഴ്ചത്തെ റിഫ്രഷർ പരിശീലനവും നൽകും.

പൊതുജനങ്ങൾക്ക് എസ്.എച്ച്.ഒമാരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക തിരിച്ചറിയൽ ബാഡ്ജുകളും നൽകും. കൂടാതെ പൊലീസ് സ്റ്റേഷനുകളിൽ അഡീഷനൽ സബ് ഇൻസ്പെക്ടർമാരെയോ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരെയോ നിയമ-സമാധാനം, ക്രൈം, പ്രോസിക്യൂഷൻ വിഭാഗങ്ങളുടെ ചുമതലക്കാരായി നിയോഗിക്കാനും കഴിയും. സർക്കിൾ ഇൻസ്പെക്ടർമാരെ നിലവിലുള്ള പൊലീസ് അടിസ്ഥാനസൗകര്യങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിന് ജില്ലാ പൊലീസ് മേധാവികൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.

വനിതാ സ്റ്റേഷനുകളിലും മാറ്റം

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലെ വനിതാ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ വനിതാ ഇൻസ്പെക്ടർ തസ്തികകളുണ്ടെങ്കിലും അവ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്റ്റേഷനുകളിൽ വനിതാ ഇൻസ്പെക്ടറെ നിയമിക്കുന്ന പക്ഷം അവർ തന്നെയാകും എസ്.എച്ച്.ഒ. വനിതാ ഇൻസ്പെക്ടറെ നിയമിക്കാത്ത സാഹചര്യത്തിൽ വനിതാ സബ് ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കും. ഇവർ ബന്ധപ്പെട്ട ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെയോ സർക്കിൾ ഇൻസ്പെക്ടറുടെയോ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.

പുതിയ തസ്തികയില്ല; അധിക ചെലവുമില്ല

പുനഃസംഘടനയുടെ ഭാഗമായി പുതിയ തസ്തികകളൊന്നും സൃഷ്ടിക്കില്ല. ഭാവിയിൽ സ്ഥാനക്കയറ്റത്തിനുള്ള അനുപാതം ക്രമീകരിക്കുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കാനും പാടില്ല. ഇതിനായി അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകരുതെന്നാണ് സർക്കാരിൻ്റെ നിബന്ധന. അതേസമയം, ലഭ്യമായ ജീവനശേഷി വെറുതെ കിടത്തുകയോ ജില്ലാ റിസർവിലേക്ക് മാറ്റി നിർത്തുകയോ ചെയ്യരുത്. സ്ഥാനക്കയറ്റത്തിനുള്ള അനുപാതത്തിലും മാറ്റം വരുത്തരുതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഇൻസ്പെക്ടർ-എസ്.എച്ച്.ഒ സംവിധാനത്തെ പുനഃസംഘടിപ്പിച്ച് തന്ത്രപ്രധാന സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെയും മറ്റ് സാധാരണ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർമാരെയും എസ്.എച്ച്.ഒമാരാക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ കേരള പൊലീസിൻ്റെ സ്റ്റേഷൻതല ഭരണ-മേൽനോട്ട സംവിധാനത്തിലാണ് വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !