കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് ആക്കംകൂട്ടിയത് കനത്ത മഴ മാത്രമായിരുന്നില്ലെന്നും പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകൾ ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചെന്നും പഠനറിപ്പോർട്ട്. രാജ്യാന്തര ഭൗമശാസ്ത്ര ജേർണലായ 'ലാൻഡ്‌സ്ലൈഡ്സി'ൽ (Landslides) പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ പഠനമാണ് ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങൾ വ്യക്തമാക്കുന്നത്.
കേരള സർവകലാശാല, മൈഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), സാവിത്രി ബായ് ഫുലെ പൂനെ സർവകലാശാല എന്നിവിടങ്ങളിലെ ഭൗമശാസ്ത്ര ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. 2024 ജൂലൈ 30ന് രാത്രിയിൽ 48 മണിക്കൂറിനിടെ ഏകദേശം 573 മില്ലിമീറ്റർ മഴ ലഭിച്ചതോടെയാണ് പുന്നപ്പുഴയുടെ മുകൾഭാഗത്ത് മലയുടെ ഒരുഭാഗം തകർന്ന് വീണത്.
തുടർന്ന് അത് അതിവേഗത്തിൽ സഞ്ചരിക്കുന്ന ചെളി,പാറ എന്നിവയുടെ പ്രവാഹമായി മാറുകയും ഏകദേശം 8 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 768 മീറ്റർ ഉയരവ്യത്യാസം മറികടക്കുകയും ചെയ്തതായി പഠന റിപ്പോർട്ടിൽ പറയുന്നു.
വഴിയിലുണ്ടായിരുന്ന പാറകളും മണ്ണും മരങ്ങളും വേരോടെ ഒഴുകിപ്പോയതോടെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി. ഈ പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായതെന്ന് കണ്ടെത്തുന്നതിനായി ഗവേഷകർ 2025 ഏപ്രിലിൽ ദുരന്തബാധിത മേഖലയിൽ വിശദമായ ഫീൽഡ്തല പഠനം നടത്തി. ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പ്രദേശങ്ങളിൽ പാറകളുടെ സ്വഭാവം പരിശോധിക്കുകയും സാംപിളുകൾ ശേഖരിച്ച് വിശകലനം ചെയ്യുകയും ചെയ്തു.
ഉരുൾപൊട്ടൽ ആരംഭിച്ച മുകൾഭാഗത്തേക്ക് നേരിട്ട് എത്താൻ കഴിയാത്തതിനാൽ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യയും ഉയർന്ന റെസല്യൂഷനിലുള്ള വ്യോമചിത്രങ്ങളും ഉപയോഗിച്ചാണ് അവിടുത്തെ ഭൂപ്രകൃതി പഠിച്ചത്.
കനത്ത മഴ മാത്രമല്ല ദുരന്തത്തിന് കാരണം എന്നതാണ് പഠനത്തിന്റെ പ്രധാന നിഗമനം. മഴ ഉരുൾപൊട്ടലിനു തുടക്കമിട്ടെങ്കിലും, മല എവിടെയാണ് തകരേണ്ടത്, അവശിഷ്ടങ്ങൾ എങ്ങനെയാണ് സഞ്ചരിക്കേണ്ടത്, ദുരന്തം എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമായത് എന്നിവയെല്ലാം മുൻകൂട്ടി നിലനിന്നിരുന്ന ഭൂഗർഭ ഘടനകളാണ് നിർണയിച്ചതെന്ന് ഗവേഷകർ പറയുന്നു. അതിനാൽ ഭാവിയിൽ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുമ്പോൾ കാലാവസ്ഥയും ഭൂഗർഭശാസ്ത്രവും ഒരുപോലെ പരിഗണിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കേരള സർവകലാശാലയിലെ ജിയോളജി വകുപ്പിലെ അധ്യാപകരായ ഡോ.വൈ.അനിൽകുമാർ, ഡോ.സജിൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
വിള്ളലുകൾ ഉണ്ടാക്കിയത് ശക്തമായ ഭൂചലനങ്ങൾ പഠനമനുസരിച്ച്, ദുരന്തബാധിത പ്രദേശത്തെ മലനിരകൾ കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കട്ടിയുള്ള പാറകളാൽ രൂപപ്പെട്ടവയാണ്. ഭൂമിയുടെ അടിത്തട്ടിൽ നടന്ന ശക്തമായ ഭൂചലനങ്ങളും സമ്മർദങ്ങളും കാരണം ഈ പാറകളിൽ ഒട്ടേറെ സ്വാഭാവിക വിള്ളലുകളും ബലഹീന മേഖലകളും രൂപപ്പെട്ടിരുന്നു.
മലയുടെ സ്ഥിരതയെ ദീർഘകാലമായി ബാധിച്ചു കൊണ്ടിരുന്നതായി പഠനത്തിൽ കണ്ടെത്തി. അതിശക്തമായ മഴ ലഭിച്ചതോടെ വെള്ളം പാറകളിലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വിള്ളലുകളിലൂടെ അതിവേഗം അകത്തേക്ക് പ്രവേശിക്കുകയും മലയുടെ ഉൾഭാഗത്തെ ജലസമ്മർദം വർധിക്കുകയും ചെയ്തു. ഒടുവിൽ പാറയുടെ താങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടതോടെ ഒരു വലിയ ശിലാഭാഗം വേർപെട്ട് താഴേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത് ഇതിൽ ഒതുങ്ങിയില്ല.
താഴേക്ക് നീങ്ങിയ ചെളി-പാറ പ്രവാഹം ചില ഭാഗങ്ങളിൽ ഇടുങ്ങിയ താഴ്‌വാരങ്ങളിലെത്തിയപ്പോൾ ശക്തമായ പാറകൾ സ്വാഭാവിക തടസ്സങ്ങളായി പ്രവർത്തിച്ചു. പ്രത്യേകിച്ച് മെറ്റാഗാബ്രോ, ഗ്രാനൈറ്റ് പോലുള്ള ശക്തമായ പാറകൾ എളുപ്പത്തിൽ ക്ഷയിക്കാത്തതിനാൽ താഴ്‌വര ഇടുങ്ങിയ നിലയിൽ തുടർന്നു. ഇതുമൂലം ഒഴുകിയെത്തിയ പാറകളും ചെളിയും താൽക്കാലികമായി അടിഞ്ഞുകൂടി പ്രകൃതിദത്ത അണക്കെട്ടുകൾ രൂപപ്പെട്ടു. പിന്നീട് ഈ അണക്കെട്ടുകൾ തകർന്നപ്പോൾ വെള്ളവും ചെളിയും ഭീമൻ പാറകളും അതിശക്തമായി താഴേക്ക് കുതിച്ചിറങ്ങി. ഇതാണ് താഴ്ന്ന പ്രദേശങ്ങളിലെ നാശത്തിന്റെ തീവ്രത ഗണ്യമായി വർധിപ്പിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.