തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനു സര്‍ക്കാര്‍ കത്തു നല്കി.
വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ ഒപ്പുവച്ച ഔദ്യോഗിക കുറിപ്പാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ എത്തി കൈമാറിയത്. സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അതിനു രണ്ടു മാസത്തെ സാവകാശം ആവശ്യമാണെന്നുമാണ് കത്തില്‍ പറയുന്നത്.
അധ്യാപക നിയമനം തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്നലെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അത് എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കേണ്ടിവരും. ഇതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്നലെ സമരക്കാര്‍ സെക്രട്ടേറിയറ്റ് സമരഗേറ്റ് മുതല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അനെക്സ് 2 മന്ദിരം വരെ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള റോഡ് പൊലീസ് അടച്ചതിനാല്‍ നോര്‍ത്ത് ഗേറ്റിനു മുന്നിലൂടെ വൈഎംസിഎ വഴിയാണ് ചങ്ങല നീണ്ടത്.
ഭരണഘടനയും ദേശീയ പതാകയും കയ്യിലേന്തി ഒരു മണിക്കൂറോളം നിന്ന് ഉദ്യോഗാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി. പലരും കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ 5 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന അസോസിയേഷന് സെക്രട്ടറി എസ്.വളര്‍മതിയുടെ ആരോഗ്യ നില മോശമായി. രക്ത സമ്മര്‍ദം ഉയരുകയും പഞ്ചസാരയുടെ അളവു താഴുകയും ചെയ്തു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും വളര്‍മതി കൂട്ടാക്കിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.