സീതത്തോട് (പത്തനംതിട്ട): സംസ്ഥാനത്തെ കെ.എസ്.ഇ.ബി. സംഭരണികളിലേക്ക് ഞായറാഴ്ചയുണ്ടായത് അഞ്ച് വർഷത്തിനിടയിൽ ഒറ്റദിവസത്തെ ഏറ്റവുമുയർന്ന നീരൊഴുക്ക്. 147.599 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒരുദിവസം മാത്രം കിട്ടിയത്. ഇതോടെ സംഭരണികളിലെ ആകെ ജലനിരപ്പ് 43 ശതമാനമായി ഉയർന്നു.
കഴിഞ്ഞ മൂന്നുദിവസവും കനത്ത നീരൊഴുക്കാണ് ഉണ്ടായത്. മൂന്നുദിവസം കൊണ്ട് 11 ശതമാനം ജലനിരപ്പ് സംഭരണികളിൽ കൂടി. പദ്ധതിമേഖലയിൽ മഴയുടെ ശക്തി നേരിയതോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഏതാനുംദിവസങ്ങൾകൂടി നീരൊഴുക്ക് ശക്തമായി തുടരാനാണ് സാധ്യത. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിൽ 46 ശതമാനവുമാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്.
ശബരിഗിരി പദ്ധതിപ്രദേശത്ത് കഴിഞ്ഞദിവസം 125 മില്ലീമീറ്റർ മഴ ലഭിച്ചു. ശബരിഗിരിയിലെ പമ്പാഡാം പ്രദേശത്ത് 94 മില്ലീമീറ്റർ മഴപെയ്തു. സംസ്ഥാനത്തെ സംഭരണികളിലെല്ലാം കൂടി 1762.335 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 3127.13 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബോർഡിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തോളം വെള്ളം ഇപ്പോഴും കുറവാണ്.
ഒരാഴ്ച മുമ്പുവരെ സംഭരണികളിൽ വേണ്ടത്ര വെള്ളമില്ലാത്തതിനാൽ ഉത്പാദനം പ്രതിസന്ധിയിലായിരുന്നു. വലിയ പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും പരമാവധി വെള്ളം സംഭരിച്ചുകൊണ്ട് ചെറുകിട പദ്ധതികളിൽനിന്ന് പരമാവധി ഉത്പാദനം നടത്തുകയാണ് വൈദ്യുതിബോർഡ്. ഇടുക്കിയിൽ വെറും 1.869 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 0.10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുമാണ് ഞായറാഴ്ച ഉത്പാദിപ്പിച്ചത്. കുറ്റ്യാടി പദ്ധതിയിൽനിന്നാണ് ഞായറാഴ്ച ഏറ്റവുംകൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. 4.6831 ദശലക്ഷം യൂണിറ്റ്.
മഴ വ്യാപകമായതോടെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം -മന്ത്രി ഇരിട്ടി: മഴ ശക്തമാണെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന അണക്കെട്ടുകളിൽ ശരാശരി 42.57 ശതമാനമേ വെള്ളമുള്ളൂവെന്ന് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏതാനും ദിവസം മുൻപ് 30 ശതമാനമായിരുന്നത് ഇപ്പോൾ 40 ആയി. കഴിഞ്ഞവർഷം ഇതേസമയം 73 ആയിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ സംസ്ഥാനത്ത് തകരാറിലായ കണക്ഷനുകളിൽ 92 ശതമാനവും പുനഃസ്ഥാപിച്ചു. 2,892 ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടായി. ഇതിൽ 2,600 എണ്ണം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കി. 1,872 വൈദ്യുതത്തൂണുകൾക്കും നാശനഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.