റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാർഡ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ കാട്ടുതീ പടർന്നുപിടിക്കുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
ടിഗ്നാലെ മുനിസിപ്പാലിറ്റിയിലെ ഒൽസാനോ മേഖലയിലുള്ള വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയോടെ അതിശക്തമായ തീപിടിത്തമുണ്ടായത്. രാത്രി 9:45 ഓടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം വലിയ രീതിയിൽ പടരുകയായിരുന്നു. തടാകക്കരയിലെ മലനിരകളിൽ നിന്ന് മീറ്ററുകളോളം ഉയർന്ന ജ്വാലകളും കട്ടിയുള്ള പുകയും കിലോമീറ്ററുകളോളം അകലെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 200ലധികം ആളുകളെ ഇതിനോടകം അടിയന്തരമായി ഒഴിപ്പിച്ചു. പലരും അവധിക്കാലം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങുകയാണ്.
മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഫയർഫോഴ്‌സും സിവിൽ പ്രൊട്ടക്ഷൻ ടീമുകളും ഫയർ ഫൈറ്റിങ് വിമാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇറ്റലിയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗവും വരൾച്ചയുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. രാജ്യത്തെ ഏറ്റവും നീളമേറിയ പോ (Po) നദിയിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ലാഗോ മാജിയോറെ തടാകം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.