കൊച്ചി ; ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത പരസ്യമാക്കി കൊച്ചിയിലെ പൊതുവേദി.
തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സതീശനും അലോഷ്യസ് സേവ്യറും പൂർവവിദ്യാർഥികളായ കലാലയമാണ് തേവര എസ്.എച്ച്. കോളജ്.സതീശൻ പങ്കെടുത്ത ചടങ്ങിന്റെ മുൻനിരയിൽ തന്നെ അലോഷ്യസ് സേവ്യർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനായി മറ്റുള്ളവർക്കൊപ്പം അലോഷ്യസ് സേവ്യറും അടുത്തേക്ക് നീങ്ങി നിന്നു. എന്നാൽ തന്റെ അടുക്കൽ നിന്ന മറ്റു ചിലരോട് സംസാരിച്ച് സതീശൻ വേഗത്തിൽ മുന്നോട്ടുപോവുകയായിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയുടെ നിലപാട് വിശദീകരിക്കാൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും ലഭിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച ആക്ഷേപങ്ങളോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ആധാരം. പ്ലീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോൾ ആണുള്ളത് എന്നുമായിരുന്നു സതീശന്റെ പ്രതികരണം. ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവയ്ക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. ഈ കൂടിക്കാഴ്ചയ്ക്കാണ് അനുമതി ലഭിക്കാതിരുന്നത്. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ ഇന്നത്തെ രംഗങ്ങൾ അരങ്ങേറിയത്.
അതേസമയം, മുഖ്യമന്ത്രി അവഗണിച്ചോ എന്ന ചോദ്യത്തോട് അലോഷ്യസ് സേവ്യർ പ്രതികരിച്ചത്, ഇതൊരു രാഷ്ട്രീയ പരിപാടി അല്ലാത്തതിനാൽ രാഷ്ട്രീയ പരാമർശങ്ങൾക്ക് താൻ ഇല്ല എന്നാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും അലോഷ്യസ് പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ യാതൊരു പ്രതികരണവും താൻ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ അലോഷ്യസ്, ഈ സർക്കാരിന്റെ അടിത്തറ കെഎസ്‍യുക്കാരുടെ ചോരയും നീരുമാണെന്ന് ഓർമിപ്പിച്ചു.
10 വർഷക്കാലം കേരളത്തിലെ ക്യാംപസുകളിലും തെരുവോരങ്ങളിലും ഇടതുപക്ഷ സർക്കാരിനെതിരെ പോരടിച്ച് കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. സാധാരണക്കാരായ കെഎസ്‍യു പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ യുഡിഎഫ് സർക്കാർ. കെഎസ്‍യു പ്രവർത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രതിനിധി പ്ലീഡർ സ്ഥാനത്തേക്ക് എത്തിയപ്പോൾ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് സംഘടന ചെയ്തത്.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സ്വന്തം പ്രവർത്തകരുടെ വികാരത്തെ ഉൾക്കൊള്ളുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയം. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് ഒരു തെറ്റായി കാണുന്നില്ല. വരും ദിവസങ്ങളിലും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ആശങ്കകൾ അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.