ആലത്തൂർ ;കോയമ്പത്തൂരിലെ ജ്വല്ലറികളിലേക്കു സ്വർണാഭരണങ്ങൾ നിർമിച്ചുനൽകുന്ന ഒല്ലൂർ അഞ്ചേരി സ്വദേശി സുബീഷ്കുമാറിനെ തടഞ്ഞ് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം അതിരമ്പുഴ ഷംനാസ് (37), നീണ്ടൂർ അനന്തു (30) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി എ.ജെ.ജോൺസൺ, പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ എം.കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം ഏലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.മദ്യപിച്ച് കാറിൽ ബഹളമുണ്ടാക്കിയതിനു പാലാരിവട്ടം പൊലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് ആലത്തൂരിൽ നിന്നു കാർ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞത്. പാലാരിവട്ടം പൊലീസ് അറിയിച്ചതനുസരിച്ചാണ് ആലത്തൂർ പൊലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വരാപ്പുഴ സ്വദേശി അഖിലും (35) ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇയാൾ വരാപ്പുഴയിലെ ഒരു കേസിൽ പ്രതിയായതിനാൽ അവിടത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി റിമാൻഡും ചെയ്തു. ബാക്കിയുള്ള 5 പേരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ദേശീയപാത കേന്ദ്രീകരിച്ചുള്ള കവർച്ചാ സംഘത്തിലുൾപ്പെട്ടവരാണു പ്രതികളെന്നു പൊലീസ് പറഞ്ഞു. രേഖകളില്ലാതെ കടത്തുന്ന ആഭരണങ്ങളും കുഴൽപണവുമായി വരുന്നവരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം തട്ടിക്കൊണ്ടുപോയി പണവും ആഭരണങ്ങളും കവരുന്ന സംഘത്തിലെ അംഗങ്ങളാണു പ്രതികളെന്നാണു പൊലീസിന്റെ നിഗമനം.
കോയമ്പത്തൂർ മുതൽ പിന്തുടർന്നു ∙ സുബീഷ്കുമാർ സ്വർണാഭരണങ്ങൾ വിൽപന നടത്തി തൃശൂരിലേക്കു മടങ്ങുന്നതിനിടെ രണ്ടു കാറുകളിൽ വന്ന 8 പേർ ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ വച്ചാണ് ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി കാർ തടഞ്ഞത്.
ചുറ്റികകൊണ്ട് കാർ തല്ലിപ്പൊളിക്കുന്നതിനിടയിൽ സുബീഷ്കുമാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണു സംഭവം. കോയമ്പത്തൂരിൽ നിന്നു തന്നെ രണ്ട് കാറുകളിൽ മുന്നിലും പിന്നാലെയുമായി പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഴൽമന്ദം പുതുക്കോട് എത്തിയപ്പോൾ കാർ തടഞ്ഞിടാൻ ശ്രമിച്ചു.
സുബീഷ്കുമാർ കാർ വെട്ടിച്ച് മുന്നോട്ടെടുക്കുന്നതിനിടെ മുന്നിലുള്ള കാറിന്റെ മുൻഭാഗം തകർന്നു. തുടർന്ന് വേഗത്തിൽ ഓടിച്ചുപോയ സുബീഷ് ഇരട്ടക്കുളം സിഗ്നലിൽ എത്തിയപ്പോഴാണ് പിന്തുടർന്നെത്തിയവർ ആക്രമിച്ചത്. കാർ കണ്ടെത്തിയത് കൊണ്ടാഴിയിൽ ∙ തൃശൂരിൽ നിർമിക്കുന്ന ആഭരണങ്ങൾ കോയമ്പത്തൂരിൽ എത്തിച്ചുകൊടുക്കുമ്പോൾ പണിക്കൂലിയും ആഭരണങ്ങൾ നിർമിക്കാനുള്ള സ്വർണവും തിരികെ കൊണ്ടുവരുന്നതു പതിവായിരുന്നു. ഇതു മനസ്സിലാക്കിയാണു കോയമ്പത്തൂരിൽ നിന്നു തന്നെ രണ്ട് കാറുകളിലായി എട്ടംഗസംഘം സുബീഷ്കുമാറിനെ പിന്തുടർന്നത്. എന്നാൽ സ്വർണവും പണവും കാറിൽ ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് പറയുന്നത്. രണ്ടോ മൂന്നോ ഗ്രാം തൂക്കമുള്ള ചെറിയ ആഭരണങ്ങൾ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ.
സുബീഷിന്റെ കാർ തട്ടിയെടുത്ത ശേഷം പ്രതികളുടെ രണ്ടു കാറുകളിൽ ഒന്ന് ദേശീയപാത വഴിയും മറ്റൊന്നു തെന്നിലാപുരം വഴിയുമാണ് പോയിരുന്നത്. അതേസമയം, സുബീഷ്കുമാറിന്റെ കാർ മായന്നൂർ കൊണ്ടാഴിയിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. സിസിടിവികളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളുടെ വാഹനങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. എറണാകുളത്തു നിന്നു കോയമ്പത്തൂരിലേക്കു വരുമ്പോൾ രണ്ടു വാഹനങ്ങളിലും നമ്പർപ്ലേറ്റ് ഉണ്ടായിരുന്നു. കോയമ്പത്തൂരിൽ നിന്നു സുബീഷ്കുമാറിന്റെ കാറിനെ പിന്തുടർന്നപ്പോൾ നമ്പർപ്ലേറ്റ് മാറ്റിയിരുന്നതായും കണ്ടെത്തി.
അക്രമിസംഘത്തിൽ നിന്നു രക്ഷപ്പെട്ട സുബീഷ്കുമാർ രാത്രി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് നമ്പർപ്ലേറ്റില്ലാത്ത രണ്ടുവാഹനങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് അബ്ദുൽ റഷിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.