കൊച്ചി ;മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി പിടിയിൽ. 390 ഗ്രാം എംഡിഎംഎയാണ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
ആലുവ എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖ് (26) തൃക്കാക്കരയ്ക്കടുത്ത് വാഴക്കാലയിൽ വച്ചാണ് ഡാൻസാഫിന്റെ പിടിയിലായത്.സബ് ഇൻസ്പെക്ടർ വിനോജ് ആന്റണിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി ഒൻപതരയോടെ പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് 387.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപ, ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്‌ലോക്ക് കവറുകൾ, ലഹരി കടത്താൻ ഉപയോഗിച്ച മോട്ടർ സൈക്കിൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ നിലയിലായിരുന്നു ബൈക്ക്.
കൊച്ചിയിലെ യുവാക്കൾക്കിടയിലും നിശാപാർട്ടികളിലും പ്രമുഖ നൈറ്റ് ക്ലബ്ബുകളിലും രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് സാദിഖ് എന്ന് പൊലീസ് പറയുന്നു. ഈ വർഷം ആദ്യം അറസ്റ്റിലായ കെവിൻ എന്ന ലഹരി മാഫിയാ തലവനുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഏകദേശം നാല് മാസം മുമ്പ് 450 ഗ്രാം എംഡിഎംഎയുമായി കെവിൻ അറസ്റ്റിലാകുന്നത്. ഡോക്ടർമാർ, അഭിഭാഷകർ, ബിസിനസുകാർ അടക്കമുള്ള എട്ടംഗ സംഘത്തെ ഇക്കഴിഞ്ഞ മാർച്ച് 28ന് കടവന്ത്രയിലെ ഒരു ആഡംബര ഹോട്ടലിൽ വച്ച് ലഹരി മരുന്നുകളുമായി പൊലീസ് പിടികൂടിയിരുന്നു.
ആ പാർട്ടിയിലേക്ക് ലഹരി എത്തിച്ചത് കെവിൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയാൾ പിടിയിലാകുന്നത്. കെവിൻ ജയിലിലായതോടെ, സംഘത്തിലെ പ്രധാനിയായിരുന്ന സാദിഖ് ഇടപാടുകൾ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്ന് ഡാൻസാഫ് വൃത്തങ്ങൾ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി സാദിഖ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സാദിഖിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ച പണമാണെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ ഒളിവിൽ കഴിയുന്ന സാദിഖിന്റെ കൂട്ടാളിയാണ് കേരളത്തിന് പുറത്തുനിന്ന് എംഡിഎംഎ എത്തിച്ചു നൽകിയിരുന്നത്.
ഈ ലഹരിമരുന്ന് കുമരകത്തുള്ള സാദിഖിന്റെ താൽക്കാലിക താവളത്തിലാണ് എത്തിച്ചിരുന്നത്. അവിടെ വച്ച് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റിയ ശേഷമാണ് കൊച്ചി നഗരത്തിലെ ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ഉന്നതരായ പലരും സാദിഖിന്റെ ലഹരി വലയത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.