ദുബായ്; സ്പാ (മസാജ് സെന്റർ)യുടെ മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന സംഘത്തെ ദുബായ് പൊലീസ് പിടികൂടി.
മലയാളികളടക്കം ഇരുപത്തഞ്ചോളം യുവതികളാണ് ഈ കേസിൽ അറസ്റ്റിലായി ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.സന്ദർശക വീസയിലെത്തി കബളിപ്പിക്കപ്പെട്ടവരും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അറിഞ്ഞുകൊണ്ടും ഈ വലയിൽ വീണവരുമാണ് ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. കൂടാതെ, പൊലീസ് റെയ്ഡ് ചെയ്യുന്ന സമയത്ത് കേന്ദ്രങ്ങളിലുണ്ടായിരുന്ന മലയാളികളടക്കമുള്ള മസാജിന് എത്തിയവരും കേന്ദ്രം നടത്തിപ്പുകാരും ഈ കേസിൽ കുടുങ്ങിയിട്ടുണ്ട്.കസ്റ്റമേഴ്സിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലഹരിമരുന്നിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയവരാണ് കുടുങ്ങിയത്. കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കെതിരെ കോടതിയിൽ വിചാരണ നടക്കുന്നു. കുറ്റം തെളിഞ്ഞാൽ വലിയ ശിക്ഷയായിരിക്കും ഇവർക്ക് ലഭിക്കുക.
തൃശൂർ, കോഴിക്കോട്, എറണാകുളം, ഇടുക്കി തുടങ്ങിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവതികളാണ് പ്രതികളിൽ ഏറെയും. ഇവർക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, പാക്കിസ്ഥാൻ സ്വദേശിനികളും ഈ സംഘത്തിലുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ യുവതികൾക്ക് ആറ് മാസം തടവും 20,000 ദിർഹം വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തടവ് കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും. പിഴയൊടുക്കാൻ സാധിക്കാത്തവർ കൂടുതൽ കാലം ജാമ്യമില്ലാ തടവ് അനുഭവിക്കേണ്ടി വരും.
∙ചതിക്കുഴിയൊരുക്കി ഏജന്റുമാർ; രക്ഷപ്പെടാനാകാതെ യുവതികൾ ദുബായിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ദെയ്റ, സത്‍വ എന്നിവിടങ്ങളിലെ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ അധോലോക ഇടപാടുകൾ നടന്നിരുന്നത്. യുവതികളുടെ ബാച്‍ലർ താമസയിടങ്ങളിൽ നിന്നും മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.മാളുകൾക്കും മറ്റും മുന്നിൽ ലഘുലേഖകളുമായി നിൽക്കുന്ന സ്ത്രീകളായ ഏജന്റുമാരാണ് പലപ്പോഴും ഇരകളെ കണ്ടെത്തുന്നത്. വീസ തട്ടിപ്പിനിരയായി യുഎഇയിൽ ജോലിയില്ലാതെ അലയുന്ന സ്ത്രീകളെ സമീപിച്ച്, ഉയർന്ന ശമ്പളവും മികച്ച താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ഇവർ മസാജ് സെന്ററുകളിലേക്ക് ആകർഷിക്കുന്നത്.
ആദ്യം സാധാരണ ജോലിക്കായി ഇവിടെയെത്തുന്ന യുവതികളെ പിന്നീട് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ലഹരിമരുന്ന് വിൽപനയ്ക്ക് ഉപയോഗിക്കുകയായിരുന്നു. തുടക്കത്തിൽ ഇവിടുത്തെ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചവർ പോലും പിന്നീട് ക്രൂരമായ പീഡന മുറകൾക്കും ലഹരിമരുന്ന് ഉപയോഗത്തിനും ഇരയായി ഒടുവിൽ ഈ മാഫിയയുടെ ഭാഗമായി മാറുന്ന കാഴ്ചയാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന് വിസമ്മതിക്കുന്ന ചെറിയൊരു ശതമാനം സ്ത്രീകൾക്ക് കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.
ഇടുക്കിയിലെ ജെസ്സിയുടെ കണ്ണീർക്കഥ; പ്രവാസം തകർത്ത സ്വപ്നങ്ങൾ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുടെ പട്ടിണിയകറ്റാനും അവരുടെ വിദ്യാഭ്യാസത്തിനുമായി ഇടുക്കിയുടെ ഒരു ഉൾഗ്രാമത്തിൽ നിന്ന് ദുബായിലേക്ക് വണ്ടി കയറിയതാണ് ജെസ്സി (യഥാർഥ പേരല്ല). തന്റെയും വയോധികയായ അമ്മയുടെയും കഴുത്തിലുണ്ടായിരുന്ന ഏക സമ്പാദ്യമായ സ്വർണമാല പണയം വച്ചാണ് ജെസ്സി സന്ദർശക വീസയ്ക്കും യാത്രയ്ക്കുമുള്ള പണം കണ്ടെത്തിയത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ജെസ്സിക്ക് ദുബായിലെത്തി നാളുകൾ കഴിഞ്ഞിട്ടും ജോലി ഒന്നും കണ്ടെത്താനായില്ല. കയ്യിലെ പണം തീർന്നതോടെ വെറുംകയ്യോടെ നാട്ടിലേക്ക് മടങ്ങാനും സാധിക്കാത്ത അവസ്ഥയായി.
കരാമയിലെ ഒരു ബാച്ചിലർ ഫ്ലാറ്റിൽ പ്രതിമാസം 500 ദിർഹം ബെഡ് സ്പേസ് വാടക നൽകിയാണ് ജെസ്സി താമസിച്ചിരുന്നത്. അവിടെ പരിചയപ്പെട്ട മറ്റൊരു യുവതിയാണ് ദെയ്റയിലെ ഒരു മലയാളി ഉടമസ്ഥതയിലുള്ള മസാജ് സെന്ററിലെ ജോലിയെക്കുറിച്ച് പറയുന്നത്. മസാജ് ചെയ്യാൻ അറിയില്ലെന്ന് ജെസ്സി വ്യക്തമാക്കിയപ്പോൾ റിസപ്ഷനിസ്റ്റ് തസ്തികയിൽ ജോലി നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു.
തുടക്കത്തിൽ 2000 ദിർഹം ശമ്പളത്തിൽ റിസപ്ഷനിൽ തന്നെയായിരുന്നു ജോലി. ഭക്ഷണം അവിടെ നിന്ന് ലഭിക്കുമായിരുന്നതിനാൽ നാട്ടിലേക്ക് നല്ലൊരു തുക അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജെസ്സി. എന്നാൽ ദിവസങ്ങൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു. മാനേജ്മെന്റ് ജെസ്സിയെ റിസപ്ഷനിൽ നിന്ന് മാറ്റി മസാജ് കാബിനിലേക്ക് പ്രവേശിക്കാൻ നിർബന്ധിച്ചു. ആളുകൾ വരുന്നത് മസാജ് ചെയ്യാനല്ലെന്നും അവരെ 'സന്തോഷിപ്പിച്ചാൽ' വൻതുക ടിപ്പായി ലഭിക്കുമെന്നുമുള്ള പ്രലോഭനങ്ങൾ നൽകി അവരെ അനാശാസ്യത്തിലേക്ക് തള്ളിവിട്ടു.അതിന് പിന്നാലെയാണ് മസാജ് സെന്ററിലെത്തുന്ന ഇടപാടുകാർക്ക് രഹസ്യമായി ലഹരിമരുന്ന് കൈമാറണമെന്ന തിട്ടൂരം വരുന്നത്. ഇതിനെ ശക്തമായി എതിർത്ത ജെസ്സിയോട് ഒന്നുകിൽ ലഹരി വിൽക്കണം, അല്ലെങ്കിൽ ജോലി വിട്ടുപോകണം എന്ന് ഉടമകൾ ഭീഷണിപ്പെടുത്തി. വീസ നിയമങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം പെട്ടെന്ന് മാറിപ്പോകാൻ സാധിക്കാതെ ജെസ്സി അവിടെ തുടരേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം ഈ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തുന്നതും ജെസ്സിയടക്കമുള്ള ഇരുപത്തഞ്ചോളം യുവതികൾ പിടിയിലാകുന്നതും.
യുഎഇ നിയമപ്രകാരമുള്ള കടുത്ത ശിക്ഷകൾ ലഹരിമരുന്ന് കേസുകളിൽ യുഎഇ നിയമം അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷകയും സോഷ്യൽ ആക്ടിവിസ്റ്റുമായ പ്രീത ശ്രീറാം മാധവ് പറയുന്നു. യുഎഇ ഫെഡറൽ നിയമപ്രകാരം ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും വിൽപന നടത്തുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യമാണ്.
ദുബായിൽ മസാജ് സെന്റർ റെയ്ഡിൽ ശിക്ഷക്കപ്പെട്ട യുവതികളുമായി സംസാരിച്ചപ്പോൾ അവരിൽ പലരും ഈ കേസിന്റെ ഗൗരവം അറിയാതെയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിരുന്നത്. ഇതൊരു സാധാരണ കാര്യമാണ് എന്നായിരുന്നു നടത്തിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചിരുന്നത്.ഒടുവിൽ കുടുങ്ങിയപ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു നിലവിളിയോടെയുള്ള അപേക്ഷ. പക്ഷേ, കുറ്റകൃത്യം ചെയ്തവർക്ക് ഒരിക്കലും ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കില്ല. എന്നാൽ കുറ്റം കൃത്യം ചെയ്യാത്തവർ തീർച്ചയായും നിയമമനുസരിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്.
വിൽപനയ്ക്കായി ലഹരി സൂക്ഷിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും, ഒരു ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
ലഹരി ഉപയോഗം: സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് ഉപയോഗിച്ചാൽ പോലും കുറഞ്ഞത് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പതിനായിരം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഈടാക്കും. നാടുകടത്തൽ: ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന ഏതൊരു വിദേശിയെയും ശിക്ഷാ കാലാവധിക്ക് ശേഷം യുഎഇയിൽ നിന്ന് നിർബന്ധമായും നാടുകടത്തും. ഇവർക്ക് പിന്നീട് യുഎഇയിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ പ്രവേശിക്കാൻ സാധിക്കാത്ത വണ്ണം ആജീവനാന്ത വിലക്കും ഏർപ്പെടുത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.