പാലാ: ആഭ്യന്തര തമ്മിലടിയില്‍ ആടിയുലയുന്ന പാലാ നഗരസഭയില്‍ കഥ മാറുകയാണോ? തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി നേതാക്കള്‍ക്ക് പോലും കഴിയാതെ വന്നതോടെ യുഡിഎഫ് ഭരണസമിതിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് രംഗത്ത്.
ഇത്രയും കാലം 'കാത്തിരുന്നു കാണാം' എന്ന നിലപാടിലായിരുന്ന പ്രതിപക്ഷം മനോഭാവം മാറ്റി; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് ഇടതുമുന്നണി നീക്കം ശക്തമാക്കി കഴിഞ്ഞു.പാര്‍ട്ടിക്ക് തലവേദനയായ സ്വതന്ത്ര കൂട്ടായ്മയെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തള്ളിയതോടെ, ഇനി പുളിക്കക്കണ്ടം കുടുംബം എന്ത് നിലപാടെടുക്കും എന്നാണ് പാലാ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തമ്മിലടി പാരമ്യത്തിലെത്തിയതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കടുത്ത നിലപാടിലേക്ക് പോവുകയാണ്.എംപിയും എംഎല്‍എയും അടക്കമുള്ള വമ്പന്‍ നേതാക്കള്‍ പലതവണ പാലായില്‍ വന്നിറങ്ങി ചര്‍ച്ച നടത്തിയിട്ടും ഭരണപക്ഷത്തെ കുടിപ്പക തീര്‍ക്കാന്‍ സാധിച്ചില്ല. ഒന്നിനു പുറകെ ഒന്നായി പരാതികളും ആരോപണങ്ങളും പെരുകിയതോടെ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് ജില്ലാ നേതൃത്വം.'ഇങ്ങനെയൊരു പുകഞ്ഞ കൊള്ളിയും ചുമന്ന് ഈ ഭരണം മുന്നോട്ട് കൊണ്ടുപോകണോ?' എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി നില്ക്കുന്നു.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ ഒറ്റയടിക്ക് പിന്‍വലിച്ച് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കുറച്ചു കൗണ്‍സിലര്‍മാര്‍ ആരംഭിച്ച എതിര്‍പ്പ് ഇപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ പുളിക്കക്കണ്ടം കുടുംബം വിട്ടുകൊടുക്കാന്‍ തയ്യാറല്ല. മണ്ഡലം കമ്മിറ്റിയുടെ പ്രമേയമൊന്നും തങ്ങള്‍ക്ക് വിഷയമല്ലെന്നും, സംസ്ഥാന-ജില്ലാ നേതാക്കള്‍ ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമേ നിലപാട് പറയൂ എന്നുമാണ് അവരുടെ മറുപടി. അവിശ്വാസം വരാനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് പറയുമ്പോഴും, വരുംദിവസങ്ങളില്‍ പുളിക്കക്കണ്ടം കുടുംബം എന്ത് ബോംബ് പൊട്ടിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
വഴക്ക് കൊടുമ്പിരികൊള്ളുമ്പോള്‍ കളംപിടിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണിയും എത്തിക്കഴിഞ്ഞു. 'സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാല്‍ അപകടമാണെന്ന് മുന്‍പേ അറിയാമായിരുന്നല്ലോ, ഇത് യുഡിഎഫിന്റെ സ്വയംകൃത അനര്‍ത്ഥമാണ്' എന്ന് പരിഹസിച്ച ജോസ് കെ. മാണി, നഗരസഭയെ അനാഥമാക്കാന്‍ വിടില്ലെന്നും വ്യക്തമാക്കി.
ചെയര്‍പേഴ്സണ്‍ സ്വയം രാജിവെച്ചൊഴിയുകയാണെങ്കില് അവിശ്വാസത്തിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്റെ ആദ്യ നിലപാട്. എന്നാല്‍ നാടകീയതകള്‍ അതിരുവിട്ടതോടെയാണ് എല്‍ഡിഎഫ് പെട്ടെന്ന് പിയോണ്‍ മുറിയിലേക്ക് ഓടിയെത്തി ഇന്ന് തന്നെ അവിശ്വാസ നോട്ടീസ് നല്കാന് തീരുമാനിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.