ബെംഗളൂരു ; ലഹരി ഇടപാടു കേസുകളിൽ 63 മലയാളികൾ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലുണ്ടെന്ന് കർണാടക ജയിൽ വകുപ്പ് വെളിപ്പെടുത്തി. ജൂൺ 15 വരെയുള്ള കണക്കാണിത്.
ഇതിലേറെയും ചെറുപ്പക്കാരാണ്. കർണാടകയിലെ ലഹരിക്കേസുകൾ ഒരു വർഷത്തിനിടെ 63% കൂടിയതിനാൽ ആന്റി നർകോട്ടിക്സ് വിഭാഗം പ്രത്യേക ദൗത്യസേന രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനാന്തര ലഹരിക്കടത്തു തടയാനായിട്ടില്ല.കേരളത്തിലേക്ക് ബെംഗളൂരുവിൽനിന്നു വൻതോതിൽ ലഹരി എത്തുന്നതായി പൊലീസ് സംശയിക്കുന്നതിനിടെയാണ് ഇത്തരം കേസുകളിൽ പിടിയിലായ മലയാളികളുടെ എണ്ണത്തിലെ അസാധാരണ വർധന.ബെംഗളൂരുവിൽനിന്നു സ്വകാര്യ ബസുകളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കും തിരിച്ചും വ്യാപകമായി ലഹരി കടത്തുന്നുണ്ട്. ബസിലും ട്രെയിനിലും വേണ്ടത്ര പരിശോധനാ സംവിധാനമില്ല.
ബാഗലൂർ, കൊത്തന്നൂർ, ആവലഹള്ളി എന്നിവിടങ്ങളിലും മൈസൂരുവിലെ നരസിംഹരാജയിലും പ്രവർത്തിച്ചിരുന്ന രാസലഹരി നിർമാണ യൂണിറ്റുകളിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി, വെയർ ഹൗസ് തുടങ്ങിയവയുടെ മറവിലുള്ള ലഹരിനിർമാണം പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇതു കടത്തിയിരുന്നത്.
ഫോറിൻ പോസ്റ്റ് ഓഫിസുകൾ വഴിയും വിമാനത്താവളത്തിലെ കാർഗോ വിഭാഗം വഴിയുമുള്ള രാസലഹരിക്കടത്തും ബെംഗളൂരുവിൽ വ്യാപകമാണ്. ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇടപാട് നടത്തുന്ന റാക്കറ്റുകളും സജീവം. വ്യാജ വിലാസങ്ങളിൽ എത്തുന്ന പാഴ്സലുകൾ ഇടപാടുകാരിലേക്ക് എത്തിക്കാൻ ഇടനിലക്കാരും ധാരാളം. ഇ–കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ഏജന്റുമാർ മുഖേന വീടുകളിൽ ഭക്ഷണ പാക്കറ്റുകളിൽ ലഹരി എത്തിച്ച കേസുകളുമുണ്ട്.
ഇത്തരത്തിൽ മലപ്പുറത്തേക്കു കടത്തിയ ഒരു കോടി രൂപയുടെ എംഡിഎംഎയെക്കുറിച്ചുള്ള അന്വേഷണം എത്തി നിന്നതു നഗരത്തിലെ ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിലാണ്. ഫെബ്രുവരിയിൽ അസം സ്വദേശിയായ ഡെലിവറി ഏജന്റിനെ കേരള പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.