സ്വിറ്റ്സര്‍ലന്‍ന്റ്: കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പയുടെ വിലക്ക് ലംഘിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ വിവാദ മെത്രാന്മാരുടെ അഭിഷേകം നടന്നു.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്ത്ഥനകളെയും മുന്നറിയിപ്പുകളെയും പൂര്‍ണ്ണമായി അവഗണിച്ചാണ് ഈ സമാന്തര മെത്രാന് അഭിഷേകം അരങ്ങേറിയത്.സ്വിറ്റ്സര്‍ലന്‍ഡിലെ പര്‍വ്വതഗ്രാമമായ എക്കോണില്‍ നടന്ന ചടങ്ങില്‍ യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വൈദികരാണ് മെത്രാന്മാരായി വാഴിക്കപ്പെട്ടത്. വത്തിക്കാന്റെ ഔദ്യോഗിക വിലക്കുണ്ടായിരുന്നിട്ടും, ഈ ചരിത്രപരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് എക്കോണിലേക്ക് ഒഴുകിയെത്തിയത്.
പുറമേയുള്ളവര്‍ക്ക് ഇതൊരു സാധാരണ ആഭ്യന്തര തര്‍ക്കമായി തോന്നാമെങ്കിലും, കത്തോലിക്കാ സഭയെ സംബന്ധിച്ച് ഇത് അതീവ ഗുരുതരമായ നിയമലംഘനമാണ്. മാര്‍പ്പാപ്പയുടെ നേരിട്ടുള്ള അനുമതിയില്ലാതെ മെത്രാന്മാരെ വാഴിക്കുന്നത് സഭയുടെ കേന്ദ്രീകൃത ഭരണസംവിധാനത്തോടും ഐക്യത്തോടുമുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. കേവലം ലത്തീന്‍ കുര്‍ബാനയോടുള്ള താല്പര്യം മാത്രമല്ല ഈ ഭിന്നതയ്ക്ക് പിന്നിലുള്ളത്.
1970-ല്‍ ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍സെല്‍ ലെഫെബ്രെ സ്ഥാപിച്ച ഈ സംഘടന, സഭയ്ക്ക് മധ്യകാലഘട്ടത്തിലുണ്ടായിരുന്ന നിഗൂഢതയും അധികാരശ്രേണിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റ് മതങ്ങളുമായുള്ള വത്തിക്കാന്റെ സൗഹൃദ ചര്‍ച്ചകള്‍, മതസ്വാതന്ത്ര്യം ഉറപ്പാക്കല്‍, ആധുനിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെ സഭയുടെ ഇടപെടലുകള്‍ എന്നിവയെല്ലാം ഇവര്‍ ശക്തമായി എതിര്‍ക്കുന്നു. കുര്‍ബാന മധ്യേ വൈദികര്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്ക്കുന്ന വത്തിക്കാന്റെ പുതിയ രീതിയെപ്പോലും ഇവര്‍ അംഗീകരിക്കുന്നില്ല. തങ്ങള്‍ സഭയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയല്ലെന്നാണ് സംഘടനയുടെ സുപ്പീരിയര്‍ ജനറല്‍ ഡേവിഡ് പഗ്ലിയാരാനി വ്യക്തമാക്കുന്നത്.
തങ്ങള്‍ മാര്‍പ്പാപ്പയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതര മതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ ഇടയന്മാരാല് മാര്‍പ്പാപ്പ അപമാനിതനാകുന്നത് കാണാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ വാദം. പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ ഈ സംഭവം വലിയൊരു ഭരണപരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലോകമെമ്പാടുമായി ഏതാണ്ട് 140 കോടി വിശ്വാസികളുള്ള കത്തോലിക്കാ സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ലക്ഷത്തോളം മാത്രം അനുയായികളുള്ള ഈ സംഘടന വളരെ ചെറുതാണ് തീവ്ര യാഥാസ്ഥിതിക നിലപാടുകളുള്ള 'സൊസൈറ്റി ഓഫ് സെന്റ് പിയൂസ് ടെന്ത്' എന്ന സംഘടനയിലെ അംഗങ്ങളാണ് അഭിഷേകം ചെയ്യപ്പെട്ട ഈ നാല് വൈദികരും.
കത്തോലിക്കാ സഭയുടെ പരമ്പരാഗത ശൈലികളിലേക്ക് മടങ്ങണമെന്ന് വാദിക്കുന്ന ഈ വിഭാഗം, 'ലെഫെബ്രിസ്റ്റുകള്' എന്നും അറിയപ്പെടുന്നുണ്ട്. 1960-കളിലും 70-കളിലും വത്തിക്കാന്‍ നടപ്പിലാക്കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പരിഷ്കാരങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നവരാണ് എസ്.എസ്.പി.എക്സ് വിഭാഗം. പ്രാദേശിക ഭാഷകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതി നല്കിയ വത്തിക്കാന്റെ ചരിത്രപരമായ തീരുമാനത്തെ ഇവര്‍ ശക്തമായി എതിര്‍ക്കുന്നു. ലത്തീന്‍ ഭാഷയില്‍ മാത്രമേ വിശുദ്ധ കുര്‍ബാനയും മറ്റ് തിരുക്കര്‍മ്മങ്ങളും നടത്താവൂ എന്നാണ് ഇവരുടെ കടുപ്പമേറിയ നിലപാട്. അഭിഷേക ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സംഘടനയുടെ നേതാക്കളോട് ഈ നീക്കത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടിരുന്നു.
ഈ അനധികൃത മെത്രാന് അഭിഷേകം കത്തോലിക്കാ സഭയുടെ ഐക്യത്തിന്മേല് ഏല്‍പ്പിക്കുന്ന വലിയൊരു ആഘാതമായിരിക്കുമെന്നും, ഇത് സഭയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ അന്ത്യശാസനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ബുധനാഴ്ച രാവിലെ എക്കോണില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. തണുത്തുറഞ്ഞ ആല്‍പ്സ് പര്‍വ്വതനിരകളുടെ പശ്ചാത്തലത്തില്‍, വന്‍ സുരക്ഷാസന്നാഹങ്ങളോടെയായിരുന്നു ചടങ്ങുകള്‍.
മെഴുകുതിരികളും കുരിശുകളും ധൂപക്കുറ്റികളുമേന്തിയ നൂറുകണക്കിന് വൈദികരുടെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ പുരോഗമിച്ചത്. വലിയൊരു താല്‍ക്കാലിക പന്തലില്‍ സജ്ജീകരിച്ച ബലിപീഠത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചായിരുന്നു നാല് വൈദികരും മെത്രാന് പദവി സ്വീകരിച്ചത്. പൗരാണിക ഓര്‍ഗന്‍ സംഗീതത്തിന്റെ അകമ്പടിയോടെ പൂര്‍ണ്ണമായും ലത്തീന്‍ ഭാഷയിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
എങ്കിലും, വത്തിക്കാന്റെ അംഗീകാരമില്ലാതെ മെത്രാന്മാരായ ഇവരുടെ സഭാപരമായ ആയുസ്സ് എത്രത്തോളമുണ്ടാകും എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ഇതിനു മുന്‍പ് 1988-ല്‍ ഈ സംഘടന ഇത്തരത്തില്‍ മെത്രാന്മാരെ വാഴിച്ചപ്പോള്‍, വത്തിക്കാന്‍ അവരെ ഉടനടി സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു . പിന്നീട് 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സഭയിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ പുറത്താക്കല്‍ നടപടി പിന്‍വലിച്ചെങ്കിലും, പുതിയ നീക്കത്തോടെ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഇവരെ വീണ്ടും സഭയ്ക്ക് പുറത്താക്കുമെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.