എറണാകുളം:കേരളത്തിലെ സി ബി എസ് ഇ, ഐ സി എസ് ഇ ഉൾപ്പെടെയുള്ള കേന്ദ്ര സിലബസ് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശന അവസരങ്ങളെ പ്രതികൂലമായി ബാധിച്ച സുപ്രീംകോടതി വിധിയിൽ അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അതീവ ആശങ്കയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
എറണാകുളം ഹോട്ടൽ ഗ്രാൻഡിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് ഫാ. ജെയിംസ് മുല്ലശ്ശേരി സി എം ഐ ഉദ്ഘാടനം ചെയ്തു.പ്രവേശന പരീക്ഷാ മെറിറ്റിനെ ബാധിക്കുന്ന വിഷയത്തിൽ ആവശ്യമായ പഠനങ്ങളും നിയമവിദഗ്ധരുടെ സമഗ്രമായ അഭിപ്രായങ്ങളും തേടാതെ നടത്തിയ നിയമനടപടികളാണ് നിലവിലെ പ്രതികൂല സാഹചര്യത്തിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. വിഷയത്തിൽ അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ലീഗൽ കമ്മിറ്റി മുതിർന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ രേഖകളും തെളിവുകളും ശേഖരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചില സംഘടനകളുടെ സമ്മർദത്തെ തുടർന്ന് ചില വിദ്യാർത്ഥികൾ തിടുക്കത്തിൽ കേസ് ഫയൽ ചെയ്തതെന്നും, അതിന്റെ പ്രത്യാഘാതം കേരളത്തിലെ മുഴുവൻ കേന്ദ്ര സിലബസ് വിദ്യാർത്ഥികൾക്കും ബാധകമായെന്നും യോഗം അഭിപ്രായപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ മതിയായ പഠനവും നിയമോപദേശവും കൂടാതെയുള്ള നിയമപോരാട്ടങ്ങൾ സി ബി എസ് ഇ, ഐ സി എസ് ഇ, അൺഎയ്ഡഡ് സ്കൂളുകളുടെ താൽപര്യങ്ങളെയും നിലനിൽപ്പിനെയും ഗുരുതരമായി ബാധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘടന വിവിധ വിദ്യാഭ്യാസ വിഷയങ്ങളിൽ ഫയൽ ചെയ്ത 34-ലധികം കേസുകളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ലെന്നും, നിയമപരമായ കൃത്യമായ തയ്യാറെടുപ്പിന്റെയും വിദഗ്ധരുടെ മാർഗനിർദേശത്തിന്റെയും ഫലമാണ് ആ വിജയങ്ങളെന്നും യോഗം ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനും ഭാവിയിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഓർഗനൈസിംഗ് സെക്രട്ടറി ജേക്കബ് ജോർജ് അഡ്വ. ആർ എസ് ഹരികുമാർഅഡ്വ. സിജു കെ ഐസക്ക്, അബ്ദുൽ നാസർ, മോഹൻദാസ് എന്നിവരുടെ പ്രത്യേക സമിതിയെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ചു.
കേരളത്തിലെ കേന്ദ്ര സിലബസ് വിദ്യാർത്ഥികളുടെ അവകാശങ്ങളും മെറിറ്റും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമ-ജനാധിപത്യ നടപടികളും സംഘടന സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.