കൊച്ചി : നഗരത്തിൽ രാത്രി അനിയന്ത്രിതമായി ഏറെ വൈകി നീളുന്ന ഡിജെ പാർട്ടികൾ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നും പൊതുസുരക്ഷയ്ക്കു ഭീഷണിയാണെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
ഡിജെ പാർട്ടികൾക്കു രാത്രി 11നു ശേഷം വിലക്കേർപ്പെടുത്തിയതു ചോദ്യംചെയ്യുന്ന ഹർജിയെ എതിർത്താണു സിറ്റി പൊലീസ് കമ്മിഷണർ എതിർ സത്യവാങ്മൂലം നൽകിയത്.നഗരത്തിൽ ഡിജെ പാർട്ടികൾ പെരുകുന്ന അവസ്ഥയുണ്ടായെന്നു സത്യവാങ്മൂലത്തിൽ അറിയിച്ചു. 1500 മുതൽ 6000 രൂപവരെയാണു പ്രവേശന ഫീസ്.മേശ മുൻകൂട്ടി ബുക്ക് ചെയ്യാൻ 20,000 രൂപവരെ ഈടാക്കുന്നുണ്ട്. മൂന്നു സ്ഥലങ്ങളിൽ മാത്രം തുടങ്ങിയത് 34 ഇടങ്ങളിലായി. അനിയന്ത്രിതമായ വർധന പൊതു സുരക്ഷയും ക്രമസമാധാനവും കാക്കുന്നതിൽ അപകടകരമായ സാഹചര്യങ്ങളുണ്ടാക്കുകയാണ്, നിയമപരമല്ലാത്ത ഒത്തുചേരൽ, ലഹരിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെ രാത്രി വൈകി നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടു 27 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തെന്നും പൊലീസ് അറിയിച്ചു. പൊലീസ് കമ്മിഷണറുടെ അധ്യക്ഷതയിൽ മേയ് 19 ന് ഇതുസംബന്ധിച്ചു യോഗം വിളിച്ചിരുന്നു. എക്സൈസ്, കോർപറേഷൻ, പൊലീസ് പ്രതിനിധികൾ പങ്കെടുത്തു.
ഏകീകൃതമായ നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനമെടുത്തത്. ലൈസൻസ് പ്രകാരമുള്ള മദ്യവിൽപനയ്ക്ക് എതിരല്ല, എന്നാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് നിയമപരമായി ഇടപെടും. ഡിജെ പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം, സംഘർഷം, അടിപിടി, ശബ്ദ, വെളിച്ച ശല്യം തുടങ്ങിയ പരാതിയിൽ കടവന്ത്ര പൊലീസിൽ കേസുകൾ നിലവിലുണ്ട്.ഫർണിച്ചറും മറ്റും തല്ലിത്തകർത്തതിനു ഹോട്ടലുകൾ തന്നെ പരാതി നൽകിയിട്ടുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി റേവ് പാർട്ടികൾ മറ്റു പലയിടത്തും നടക്കുന്നതു സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഫോർട്ട്കൊച്ചിയിൽ ഹോട്ടലിലെ പാർട്ടിക്കു ശേഷം ലഹരി ഉപയോഗിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചെന്ന കേസും കടവന്ത്രയിലെ ഹോട്ടലിൽ ലൈംഗിക അതിക്രമവും കത്തിക്കുത്തും ഉണ്ടായതിനെ തുടർന്നു കേസെടുത്തതും പൊലീസ് ചൂണ്ടിക്കാട്ടി. ഈയിടെ നോർത്ത് ഗോവയിലെ നൈറ്റ് ക്ലബ്ബിനു തീപിടിച്ച് 25 പേർ മരിച്ച സംഭവവും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
നിയന്ത്രണ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര എളംകുളം റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ നൽകിയ ഹർജിയിലാണ് പൊലീസിന്റെ വിശദീകരണം. ഹർജി പരിഗണിച്ച് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വിശദ വാദത്തിനായി 13 ലേക്കു മാറ്റി. പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന തങ്ങൾക്കു പുലർച്ചെ 3 വരെ മദ്യവിൽപനയ്ക്ക് എക്സൈസ് ലൈസൻസുണ്ടെന്നും അതിനാൽ നിയന്ത്രണം ഏർപ്പെടുത്തരുതെന്നുമാണു ഹർജിക്കാരുടെ വാദം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.