മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്.
ജൂലൈ അവസാന വാരം നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ നിന്നാണ് സഞ്ജു സാംസണെ പൂർണ്ണമായും ഒഴിവാക്കി. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ടീമിൽ നിന്ന് ഒഴിവാക്കിയതാണോ എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കുന്ന ടീമിൽ വരുത്തിയ ആറ് പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സഞ്ജുവിന്‍റെ ഈ പുറത്തുപോകൽ.സഞ്ജുവിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയി എന്നിവർക്കും സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരാണ് സിംബാബ്‌വെയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. യുവതാരം വൈഭവ് സൂര്യവംശിയും ടീമില്‍ തുടരും.
അടുത്തിടെ നടന്ന മത്സരങ്ങളിലെ ഫോമില്ലായ്മയാണ് സഞ്ജുവിന് തിരിച്ചടിയായത്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലുമായി 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സ്കോറുകൾ. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിന്‍റെ പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും, പകരം പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരനായി മാറിയ സൂര്യവംശി സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലും സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഐപിഎൽ 2026-ന് തൊട്ടുമുമ്പ് തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികൾ നേടി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിന്, തൊട്ടുപിന്നാലെ വന്ന ഈ ഫോമില്ലായ്മ കനത്ത തിരിച്ചടിയാവുകയായിരുന്നു.
സഞ്ജുവിന് പകരം പഞ്ചാബ് കിങ്സിനായി ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ പ്രബ്‌സിമ്രാൻ സിങ്ങിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രബ്‌സിമ്രാനൊപ്പം ഫാസ്റ്റ് ബൗളർമാരായ യാഷ് താക്കൂർ, അശോക് ശർമ്മ, ലെഫ്റ്റ് ആം സ്പിൻ ഓൾറൗണ്ടറായ ഹർഷ് ദുബെ എന്നിവർക്കും കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി20 കോൾ-അപ്പ് ലഭിച്ചു. പരിക്കിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം പേസർ മായങ്ക് യാദവും മിഡിൽ ഓർഡർ ബാറ്റർ റിങ്കു സിങ്ങും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഐപിഎല്ലിൽ 154.2 കി.മീ വേഗതയിൽ പന്തെറിഞ്ഞ് ശ്രദ്ധേയനായ ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമ്മയുടെയും, പഞ്ചാബിനായി 510 റൺസ് അടിച്ചുകൂട്ടിയ പ്രബ്‌സിമ്രാന്‍റെയും വരവ് ടീമിന്‍റെ കരുത്ത് വർദ്ധിപ്പിക്കും.
ഹർഷ് ദുബെ ഇതിനകം തന്നെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു.അതേസമയം, പരിക്കിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടമായ മുൻ നായകൻ വിരാട് കോഹ്‌ലി ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ടീമിലേക്ക് തിരിച്ചെത്തുകയാണ്. സെന്റർ ഓഫ് എക്സലൻസിൽ നടന്ന കായികക്ഷമതാ പരിശോധന വിജയിച്ച കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാനുള്ള അനുമതി ലഭിച്ചു. ഐപിഎൽ 2026-ൽ ആർസിബിക്കായി 16 ഇന്നിങ്സുകളിൽ നിന്ന് 675 റൺസുമായി മിന്നും ഫോമിലായിരുന്നു കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരം ഓൾറൗണ്ടർ ശിവം ദുബെയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാഡ്രിസെപ്സ് പരിക്കിനെ തുടർന്ന് നിലവിൽ പുനരധിവാസത്തിലുള്ള ദുബെ, ഓഗസ്റ്റിൽ നടക്കുന്ന ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിന് മുൻപ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര ജൂലൈ 19-നാണ് അവസാനിക്കുന്നത്. ഇതിന് ശേഷം ജൂലൈ 23-നാണ് സിംബാബ്‌വെക്കെതിരായ ആദ്യ ടി20 മത്സരം നടക്കുക. തുടർന്ന് ജൂലൈ 25, 26 തീയതികളിൽ അടുത്ത മത്സരങ്ങളും നടക്കും. ഹരാരെയിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും അരങ്ങേറുന്നത്.
സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രബ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ).
ഇംഗ്ലണ്ട് പര്യടനത്തിനുള്ള പുതുക്കിയ ഇന്ത്യൻ ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, ശിവം ദുബെ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.