തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ 10 വർഷത്തോളമായി നടന്നത് 200 കോടിയിലധികം രൂപയുടെ അഴിമതിയാണെന്ന വിലയിരുത്തലിൽ സർക്കാർ.
ഉപകരണങ്ങൾ വാങ്ങലും ഉപയോഗവും പരിപാലനവുമായി ബന്ധപ്പെട്ടാണ് കോടികൾ കൂടുതലും നഷ്ടമായത്. രണ്ട് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 21 ആശുപത്രികളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് 72.81 കോടി രൂപയുടെ ഉപകരണങ്ങളാണ്. 2024ൽ മാത്രം വിതരണം ചെയ്യാതെ നശിപ്പിച്ചത് 73 കോടി രൂപയുടെ മരുന്നുകളാണ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ പ്രവർത്തനങ്ങൾക്കു പുറമേ ആരോഗ്യവകുപ്പ് മുൻ മന്ത്രിമാരുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു.ഉപയോഗിക്കാതെ 100 കോടിയോളം രൂപയുടെ ഉപകരണങ്ങൾ
സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ 72.81 കോടിയുടെ ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കഴിഞ്ഞ വർഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ 40, തിരുവനന്തപുരം മെഡിക്കൽ കോളജിൽ 14 വീതം ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. പ്രവർത്തിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്നും സ്പെയർ പാർട്സ് കിട്ടാനില്ലെന്നും അറ്റകുറ്റപ്പണിക്ക് കരാർ നൽകാനാവുന്നില്ലെന്നുമുള്ള കാരണമാണ് ആശുപത്രി അധികൃതർ ഉന്നയിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ 2015ൽ വാങ്ങിയ 15 ലക്ഷം വിലയുള്ള വൈഎജി ലേസർ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിക്കുന്നില്ല. സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്നതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.ഒൻപത് ലക്ഷം രൂപയ്ക്കു വാങ്ങിയ മറ്റൊരു ഉപകരണം കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്നില്ല. സോഫ്റ്റ്‌വെയർ കാലഹരണപ്പെട്ടതിനാൽ അറ്റകുറ്റപ്പണി നടത്താനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. അനസ്തീസിയ വർക്ക് സ്റ്റേഷൻ ഇഎക്സ് ഉപകരണം 2019ൽ 15 ലക്ഷത്തിനാണു വാങ്ങിയത്.
അതിൻ്റെ കവറിൻ്റെ ചോർച്ച കാരണം രണ്ട് വർഷമായി പ്രവർത്തിപ്പിക്കുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് വെൻ്റിലേറ്ററുകളുടെ സ്വിച്ച് പ്രവർത്തിക്കാത്തതിനാൽ മൂന്ന് വർഷമായി ഉപയോഗിക്കുന്നില്ല.വയനാട് മെഡിക്കൽ കോളജിന് ലഭിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന ലോൺട്രി മെഷീൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ പെട്ടിപോലും പൊട്ടിക്കാതെ മെഡിക്കൽ കോളജ് പരിസരത്ത് അനാഥമായി കിടക്കുകയാണ്. യന്ത്രത്തിൻ്റെ പാക്കിങ് ചിതലെടുത്ത് തുടങ്ങി.
രോഗികൾക്കായി വാങ്ങിയ പത്തിലേറെ സ്ട്രെച്ചറുകൾ, കവർ പൊട്ടിക്കാത്ത ബെഡുകൾ, എയർ കണ്ടീഷനറുകൾ, ഉപയോഗിക്കാത്ത വീൽചെയറുകൾ, ട്രോളികൾ എന്നിവയെല്ലാം നശിച്ചവയുടെ കൂട്ടത്തിലുണ്ട്. കൊവിഡ് കാലത്ത് സന്നദ്ധ സംഘടന മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകിയ 15 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന നാല് മെഡിക്കൽ ഫ്രീസറുകൾ ഉപയോഗിക്കാതെ നശിച്ചു.വിലയേറിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാതെ നശിച്ചതിലെ നഷ്ടം 7.28 കോടിക്കു മുകളിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിലെ 172 മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ചതായി രണ്ട് വർഷത്തിനു മുൻപുതന്നെ കണ്ടെത്തിയിരുന്നു.
ഇതെല്ലാം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വാങ്ങിയതാണ്. കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാൻ്റുകൾ, ജനറേറ്ററുകൾ എന്നിവയും നശിച്ച കൂട്ടത്തിൽപ്പെടും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി വാങ്ങിയ വിലകൂടിയ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മിഷൻ ചെയ്യാതെയും കിടക്കുകയാണ്. മൊബൈൽ മോർച്ചറികളും ഇക്കൂട്ടത്തിലുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.