തിരുവനന്തപുരം: അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം.
അദാനി പോർട്‌സ് എം.എസ്.സിക്ക് ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നത് തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കുത്തക സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കൺസഷണൽ എഗ്രിമെന്റ് പ്രകാരം കേരള സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഓഹരി വിൽക്കാനും കരാർ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കുന്ന തരത്തിൽ ഉടസ്ഥതയിൽ വ്യതിയാനും വരുത്താനും സാധിക്കുകയുള്ളൂ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി വിൽക്കുന്നത് ഉടമസ്ഥാവകാശം മാറിയതായാണ് കണക്കാക്കുക.
ഇതിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തുറമുഖം ഒരു കമ്പനിയുടെ നിയന്ത്രണത്തിലാകുമ്പോൾ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ നിശ്ചിത കമ്പനിയുടെ കണ്ടെയ്‌നറുകളിലും കപ്പലുകളിലും മാത്രമേ ചരക്ക് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന സാഹചര്യം വരും. ആ കമ്പനി നിശ്ചയിക്കുന്ന നിരക്കുകൾ അംഗീകരിക്കാൻ കയറ്റുമതിക്കാർ നിർബന്ധിതരാകുകയും അത് വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടവരുത്തുകയും ചെയ്യും.
ലോകോത്തര മാതൃകയിലുള്ള ഒരു 'മൾട്ടി ഓപ്പറേറ്റർ' തുറമുഖമായി വിഴിഞ്ഞത്തെ വളർത്താനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കാര്യങ്ങൾ ഒരു കമ്പനിയിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ ഈ വികസന സാധ്യതകൾ ഇല്ലാതാകുമെന്നും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 2035 മുതൽ സംസ്ഥാന സർക്കാരിന് തുറമുഖത്തിൽനിന്ന് വരുമാന വിഹിതം ലഭിച്ചുതുടങ്ങേണ്ടതാണ്. ഒരു കമ്പനിയുടെ കുത്തക അധികാരം വരുമാനക്കണക്കുകളിൽ കൃത്രിമം കാണിക്കാനും അതുവഴി സർക്കാരിന് ലഭിക്കേണ്ട വിഹിതം കുറയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയും പ്രതിപക്ഷം പങ്കുവെച്ചു. വിഴിഞ്ഞം പോർട്ടിനെ കേന്ദ്ര സർക്കാർ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടമായാണ് കണക്കാക്കുന്നത്. ഉടമസ്ഥാവകാശത്തിൽ മാറ്റംവരുന്നത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ സഭയിൽ പറഞ്ഞിരുന്നു. മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപം നടത്താനുള്ള നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.