തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകൾക്ക് സഭാഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ചരിത്രപരമായ തീരുമാനമെടുത്ത് മർത്തോമസഭാ നേതൃത്വം.
കഴിഞ്ഞ ദിവസം നടന്ന സഭയുടെ എപ്പിസ്‌കോപ്പൽ സിനഡിലാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് സഭാംഗത്വം നൽകുന്നതിന് നിയമപരമായി തടസമില്ലെന്ന തീരുമാനമെടുത്തത്.ഇതോടെ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഔദ്യോഗികമായി സഭാംഗത്വം അനുവദിക്കുന്ന ക്രൈസ്‌തവ സഭയായി മർത്തോമ സഭ മാറി. ട്രാൻസ്‌ജെൻഡറുകളെ മുമ്പും സഭ വിലക്കിയിട്ടുണ്ടായിരുന്നില്ലെന്ന് മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്താ ഇടിവിഭാരതിനോട് പറഞ്ഞു. മുമ്പ് ട്രാൻസ്‌ജെൻഡറുകൾക്ക് ആരാധനാ സ്വാതന്ത്ര്യം ഒരു പള്ളിയിലും വിലക്കിയിട്ടില്ലെങ്കിലും ഒരു സഭയിൽ ഇവർക്ക് പുതുതായി അംഗത്വം നൽകുന്ന നടപടി ക്രൈസ്‌തവ സഭകളുടെ ഇന്ത്യയിലെ ചരിത്രത്തിൽ ആദ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു സഭയിൽ ജനിച്ചാൽ അവർക്ക് അംഗത്വം ഉണ്ടാവുമെങ്കിലും പുതുതായി ഈ വിഭാഗത്തിന് അംഗത്വം നൽകുന്നതിൽ ക്രൈസ്‌തവ സഭകൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. മർത്തോമസഭാ സിനഡ് ഇത് അംഗീകരിച്ചതോടെയാണ് തീരുമാനം ചരിത്രത്തിൻ്റെ ഭാഗമായി മാറിയത്. മാർത്തോമാ സഭയിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട വ്യക്തികൾക്ക് സഭാംഗത്വം നൽകുന്നതിന് നിയമപരമായി തടസമില്ല എന്ന മാർത്തോമാ സഭയുടെ എപ്പിസ്‌കോപ്പൽ സിനഡിൻ്റെ തീരുമാനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് സഭയുടെ കീഴിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പ്രവർത്തിക്കുന്ന മർത്തോമ നവോദയ മൂവ്‌മെൻ്റ് സൊെസെറ്റി ഡയറക്‌ടർ ഫാദർ മാത്യു ഫിലിപ്പ് ഇടിവി ഭാരതിനോട് പറഞ്ഞു.
സഭാംഗത്വത്തിലൂടെ ആരാധനയിലും കൂദാശകളിലും ശുശ്രൂഷകളിലും പൂർണമായി പങ്കുചേരാനും സഭയുടെ കരുതലും പിന്തുണയും അനുഭവിക്കാനും ട്രാൻസ്‌ജെൻഡർ സഹോദരങ്ങൾക്ക് ഇനി അവസരം ലഭിക്കും. ഇത് ഒറ്റപ്പെട്ട വ്യക്തികളുടെ മാത്രം വിജയമല്ല, മറിച്ച് സഭ ഒന്നാകെ കൂടുതൽ മാനുഷികമാകുന്നതിൻ്റെ അടയാളമാണ്. ഈ തീരുമാനം മറ്റ് ക്രൈസ്‌തവ സഭകൾക്കും മതസമൂഹങ്ങൾക്കും വഴികാട്ടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മർത്തോമാസഭയിൽ വിശ്വാസികളായ വളരെ കുറച്ച് ട്രാൻസ് ജെൻഡറുകൾ മാത്രമാണുള്ളത്. എന്നാൽ ഈ തീരുമാനത്തോടെ മറ്റ് സഭകളിൽ നിന്നും ഇവിടേക്ക് ചേരാൻ ആളുകൾ താത്‌പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഏതാണ്ട് 25000ത്തോളം ട്രാൻസ് ജെൻഡറുകൾ കേരളത്തിലുണ്ടാകുമെന്നും അതിൽ നാലിലൊന്ന് ആളുകൾ ക്രൈസ്‌തവ മതവിശ്വാസികളാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 12 വർഷമായി ഇവർക്കിടയിൽ ജോലി ചെയ്യുകയാണെന്നും മാത്യു ഫിലിപ്പ് വ്യക്തമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.