ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ താൻ പ്രതിഷേധത്തിൽ ഏർപ്പെട്ടിരുന്ന സമയത്ത് കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബിജെപിയിൽ ചേർക്കാൻ ശ്രമം നടന്നതായി അഭിജീത് ദിപ്‌കെ.
വ്യാഴാഴ്ച ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ തനിക്ക് തുടർച്ചയായ ഭീഷണികൾ ലഭിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ വെളിപ്പെടുത്തിയത്.സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസ് അടിച്ചമർത്തൽ നടത്തിയതായി ആരോപിച്ച ദിപ്‌കെ, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താൻ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാബാ രാംദേവിനെപ്പോലെയുള്ളവർ രാഷ്ട്രീയം പറയുന്നതിന് പകരം സ്വന്തം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കണമെന്ന് പരിഹസിച്ച ദിപ്‌കെ, കേന്ദ്രസർക്കാർ കുറ്റവാളികളെയും ബലാത്സംഗം ചെയ്യുന്നവരെയും സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ജന്തർ മന്തറിലെ പ്രതിഷേധ സമയത്ത് താൻ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും ദിപ്‌കെ മാധ്യമങ്ങളോട് പറഞ്ഞു.
'ബിജെപിയിൽ ചേരാത്ത പക്ഷം അത് എന്റെ കുടുംബത്തിന് ദോഷകരമായി ബാധിക്കുമെന്ന് അവർ എന്നോട് പറഞ്ഞു.' ദിപകെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തന്നെപ്പോലൊരു വിദ്യാർത്ഥിയെ രാജ്യത്തെ ഉന്നത പദവികൾ വഹിക്കുന്നവർ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും യുവാക്കളെ ഭീഷണിപ്പെടുത്താനാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്തരം പദവികൾക്ക് എന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ദിപ്‌കെ യുവതലമുറയെ വഴിതെറ്റിക്കുകയാണെന്ന ആരോപണങ്ങൾക്ക്, 'ഞങ്ങളെക്കുറിച്ചല്ല, ഗുണനിലവാരമില്ലാത്ത പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് വേവലാതിപ്പെടൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സർക്കാരിനെ ചോദ്യം ചെയ്യുന്നതും ജനാധിപത്യത്തിനും വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ ഭാവിക്കും വേണ്ടി പോരാടുന്നതും സമൂഹത്തെ നശിപ്പിക്കലല്ലെന്ന് ദിപ്‌കെ ഊന്നിപ്പറഞ്ഞു. 'ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നതും, സർക്കാരിനെ ചോദ്യം ചെയ്യുന്നതും, ഒരാളുടെ ഭാവിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനും വേണ്ടി പോരാടുന്നതും സംസ്‌കാരത്തെ നശിപ്പിക്കുന്നതാണെങ്കിൽ, ഞാൻ ആ പോരാട്ടം തുടരും.' അദ്ദേഹം പറഞ്ഞു. യോഗാ ഗുരു ബാബ രാംദേവിനെയും ദിപ്‌കെ വെറുതെവിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് പകരം പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. 'നിങ്ങൾ നിർമ്മിക്കുന്ന പതഞ്ജലി ഉൽപ്പന്നങ്ങൾ നോക്കൂ, അതിൽ തട്ടിപ്പുണ്ടെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞത്.
അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. സംസ്‌കാരവും ജനാധിപത്യവും രാജ്യവും കൈകാര്യം ചെയ്യാൻ 'ജെൻ സീ' (Gen Z) തലമുറയ്ക്ക് നന്നായി അറിയാമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ നിങ്ങളുടെ തകരാറുള്ള പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് വേവലാതിപ്പെടൂ, അല്ലെങ്കിൽ പതഞ്ജലി പൂട്ടിപ്പോയേക്കാം.' അദ്ദേഹം.പരിഹസിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നടന്ന പോലീസ് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായും ദിപ്‌കെ പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് അദ്ദേഹം വാദിച്ചു. വെടിവെപ്പ് നടന്ന സംഭവം ബിജെപി നിഷേധിച്ചെങ്കിലും, ബിഹാറിലെ ആശുപത്രികളിൽവെച്ച് പരിക്കേറ്റ വിദ്യാർത്ഥികളെ നേരിട്ട് കണ്ടതായി ദിപ്‌കെ അവകാശപ്പെട്ടു.
'ബെൽറ്റ് ഗണ്ണുകളും എകെ-47 കളും പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചു... തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ട ആയുധങ്ങളാണ് വിദ്യാർത്ഥികൾക്കെതിരെ പ്രയോഗിച്ചത്.' അദ്ദേഹം ആരോപിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിജെപി പ്രതിഷേധത്തിന് വിദേശ ഫണ്ടിങ് ലഭിച്ചിരുന്നു എന്ന ആരോപണങ്ങളോട് പ്രതികരിച്ച അദ്ദേഹം, അത്തരത്തിൽ ഫണ്ടിങ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ സുരക്ഷാ.സംവിധാനങ്ങളുടെ പരാജയമാണെന്നും അതിന് ആഭ്യന്തര മന്ത്രിയാണ് ഉത്തരവാദിത്വം പറയേണ്ടതെന്നും കൂട്ടിച്ചേർത്തു.
പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനത്തെ രൂക്ഷമായി വിമർശിച്ച ദിപ്‌കെ, കേന്ദ്ര സർക്കാർ 'ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുന്നു' എന്നും ബിജെപി കുറ്റവാളികളെ പിന്തുണയ്ക്കുന്ന പാർട്ടിയാണെന്നും അഭിപ്രായപ്പെട്ടു. 'രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ബലാത്സംഗം ചെയ്തവരെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യുന്നുവെങ്കിൽ, ഏത് തരത്തിലുള്ള വ്യക്തിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് അത് വ്യക്തമാക്കുന്നത്. നിങ്ങൾ രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ മന്ത്രി. ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്? അവരുടെ പാർട്ടിയിൽ മറ്റാരാണുള്ളത്? അത്തരം ആളുകളെക്കൊണ്ട് നിറഞ്ഞതാണത് ബിജെപി.
കുൽദീപ് സെംഗാറിന്റെ കാര്യമോ? അവരുടെ ഭരണത്തിൽ രാം റഹീമിനെപ്പോലുള്ളവർ പരോളിൽ പുറത്തിറങ്ങി നടക്കുകയാണ്. ഇത് കുറ്റവാളികളെയും ബലാത്സംഗം ചെയ്തവരെയും പിന്തുണയ്ക്കുന്ന സർക്കാരാണ്.' ദിപ്‌കെ പറഞ്ഞു.ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിലും മഹാത്മാഗാന്ധിയുടെ ആദർശങ്ങളിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ജനാധിപത്യപരമായ രീതിയിലൂടെ സമരം തുടരുമെന്നും ദിപ്‌കെ പറഞ്ഞു.
മഹാരാഷ്ട്രയിലെ പേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനെയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മോശം സൗകര്യങ്ങളെയും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, പരീക്ഷകൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ പലപ്പോഴും തെരുവോരങ്ങളിൽ ഭക്ഷണം പോലും ലഭിക്കാതെ ഉറങ്ങേണ്ടി വരികയാണെന്ന് അദ്ദേഹം ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.