റോം: ഇറ്റലിയിലെ സലേർണോ പ്രവിശ്യയിലുള്ള പഗാനിയിൽ മലയാളി സമൂഹം സംഘടിപ്പിച്ച പള്ളിപ്പെരുന്നാൾ ആഘോഷം ഒടുവിൽ വൻ സംഘർഷത്തിലും തെരുവ് യുദ്ധത്തിലും കലാശിച്ചു.
നഗരമധ്യത്തിൽ ആരംഭിച്ച കയ്യാങ്കളി സമീപത്തെ തെരുവുകളിലേക്കും പാർക്കുകളിലേക്കും പടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറ്റാലിയൻ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ പ്രവാസി മലയാളി സമൂഹം വലിയ നാണക്കേടിലും ആശങ്കയിലുമായിരിക്കുകയാണ്.
പഗാനിയിലെ പ്രശസ്തമായ ദേവാലയത്തിൽ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ ആഘോഷങ്ങൾക്കിടയിലാണ് സംഭവം. മതപരമായ ചടങ്ങുകൾ സമാധാനപരമായി സമാപിക്കുകയും, സുരക്ഷയ്ക്കായി എത്തിയ പോലീസ് സ്ഥലത്തുനിന്ന് മടങ്ങുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്.
സംഭവത്തെ തുടർന്ന് മുൻസിപ്പൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികൾ മൊബൈലിൽ പകർത്തിയ വീഡിയോകളും കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്. അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ലക്ഷക്കണക്കിന് മലയാളികൾ മാന്യമായും നിയമങ്ങൾ അനുസരിച്ചും ജോലി ചെയ്ത് ജീവിക്കുന്ന ഇറ്റലിയിൽ, ചിലരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റം പ്രവാസി സമൂഹത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിദേശികൾക്കുള്ള വിസ, റസിഡൻസ് പെർമിറ്റ് (ഡോക്യുമെന്റ്സ്) എന്നിവ പുതുക്കുന്നതുൾപ്പെടെയുള്ള നടപടികൾ അധികൃതർ കൂടുതൽ കർശനമാക്കാൻ ഈ സംഭവം കാരണമായേക്കുമെന്ന ആശങ്കയിലാണ് മറ്റ് പ്രവാസികൾ.
മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ച്, പെരുന്നാൾ ആഘോഷങ്ങളുടെ മറവിൽ തെരുവിൽ തല്ലുകൂടിയവർക്കെതിരെ മലയാളി കൂട്ടായ്മകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.