ന്യൂഡല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന നീറ്റ് പ്രതിഷേധം അവസാനിച്ചെങ്കിലും, സമരത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍!
പ്രധാനമന്ത്രിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അതിരുവിട്ട പോസ്റ്റുകളും വീഡിയോകളും പങ്കുവെച്ചവരെ തിരഞ്ഞുപിടിച്ച് കേസെടുക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു.ഇതിന്റെ ആദ്യപടിയായി ഇത്തരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് പോലീസ് കര്‍ശന നോട്ടീസ് നല്‍കും.
സി.ജെ.പി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെട്ട ഉള്ളടക്കങ്ങള്‍ പോലീസ് ഇഴകീറി പരിശോധിച്ചുവരികയാണ്. ഇതിന് ശേഷമാണ് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ക്രമസമാധാന നില തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതോ, നിയമലംഘനം നടത്തുന്നതോ ആയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സോഷ്യല്‍ മീഡിയ മോണിറ്ററിങ് ടീം മുഴുവന്‍ സമയവും രംഗത്തുണ്ട്. നിയമം കൈയിലെടുക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി തന്നെയുണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിച്ച നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് മാസങ്ങളായി സി.ജെ.പി ജന്തര്‍ മന്തറില്‍ സമരത്തിലായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഒടുവില്‍ കടുത്ത ജനരോഷത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി ജൂലൈ 25-ന് വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. രാജ്യത്തെ പരീക്ഷാ നടത്തിപ്പിലെ വന്‍ വീഴ്ചകള്‍ക്കും അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ വലിയ പ്രക്ഷോഭമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്.
സമരത്തിനിടെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. ഒടുവില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന ഉറപ്പ് സി.ജെ.പിയുടെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
എന്നാല്‍, ഈ ഇളവ് സൈബര്‍ ഇടങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചവര്‍ക്ക് ലഭിക്കില്ലെന്ന സൂചനയാണ് പോലീസ് ഇപ്പോള്‍ നല്‍കുന്നത്. അതിനിടെ, അസമിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതും വലിയ വിവാദമായിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.