കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രവർത്തന പുരോഗതിയും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിലെ പ്രധാന തീരുമാനങ്ങളൊന്നും നടപ്പിലായില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ജൂൺ 25-ന് പൊതുമരാമത്തു വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പദ്ധതി പ്രദേശത്തെ മണ്ണുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിൽ കൂടുതലായും ചർച്ചയായത്. എന്നാൽ, കരാർ കമ്പനിക്കൊപ്പം ജില്ലാ ഭരണകൂടത്തിനും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വൻ വീഴ്ച സംഭവിച്ചു.പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കാരണം മഴക്കാലത്ത് സോയ്ൽ പൈപ്പിങ്, ചരിവ് വ്യതിയാനം തുടങ്ങിയ പ്രതിഭാസങ്ങളുണ്ടായി അപകടമുണ്ടാകാനുള്ള സാധ്യത തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളുമെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നിർദേശിച്ചിരുന്നു. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മണ്ണ് താൽക്കാലികമായി സൂക്ഷിക്കാൻ സൈറ്റിൽ സ്ഥലപരിമിതിയുള്ള കാര്യം കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചിരുന്നു.
ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയും, ഇതിനാവശ്യമായ വാടക നൽകാൻ തങ്ങൾ തയ്യാറാണെന്ന് കരാർ കമ്പനി വ്യക്തമാക്കുകയും ചെയ്തതാണ്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നിലവിൽ ടാർപോളിൻ ഉപയോഗിച്ച് പരമാവധി മൂടിയിട്ടുണ്ടെന്നും കൂടുതൽ മണ്ണ് സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലമില്ലെന്നും കരാർ കമ്പനി അറിയിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ സഹായം തേടാൻ തീരുമാനിച്ചത്.
ഏകദേശം ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് താൽക്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണ് ആവശ്യമായി വരുന്നത്. മണ്ണ് പുറത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള റോയൽറ്റി ഫീസ് ഒഴിവാക്കിത്തരണമെന്ന് കെ.ആർ.സി.എൽ ആവശ്യപ്പെടുകയും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നു നിലവിൽ പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അപകടഭീഷണിയുയർത്തുന്നതിനാൽ, മണ്ണിന്‍റെ ഉയരം കുറയ്ക്കാൻ പാരിസ്ഥിതിക-സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടാൻ നിർദേശം നൽകിയിരുന്നു.
കനത്ത മഴയുള്ള ഈ സമയത്ത് മണ്ണ് നീക്കുന്നത് മണ്ണ് കൂടുതൽ അസ്ഥിരമാകാനും അപകടസാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു. സൈറ്റിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എടുത്തുമാറ്റുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വേണ്ട പ്രതിവിധി രണ്ടാഴ്ചയ്ക്കകം നൽകാമെന്ന് മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ അറിയിക്കുകയുണ്ടായി.
കൂട്ടിയിട്ടിരിക്കുന്ന ഭാഗങ്ങളിലെ മണ്ണിനെക്കുറിച്ച് പഠനം നടത്താനും, അത് അവിടെ സൂക്ഷിക്കുന്ന വസ്തുക്കളുടെ ഭാരം താങ്ങാൻ ശേഷിയുള്ളതാണോ എന്ന് പരിശോധിക്കാനും കെ.ആർ.സി.എല്ലിനോട് നിർദേശിച്ചിരുന്നു. പദ്ധതി പ്രദേശത്തെ എല്ലാവിധ നിർമാണ-അനുബന്ധ പ്രവർത്തനങ്ങളും സുരക്ഷാ മുൻകരുതലുകൾ പൂർണമായി പാലിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് കൊണ്ടുപോകുന്നുള്ളൂ എന്ന് കൊങ്കൺ റെയിൽവേ ഉറപ്പുവരുത്തേണ്ടതായിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശമായതിനാൽ എല്ലാ ദിവസവും മഴയുടെ അളവ് നിരീക്ഷിക്കാനും, അത് 250 മില്ലീമീറ്ററിൽ കൂടുതലായാൽ എല്ലാ പ്രവൃത്തികളും നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു.
അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, പദ്ധതി പ്രദേശത്തിന് താഴെ മീനാക്ഷി പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഇതിനുള്ള ചെലവുകൾ കരാർ കമ്പനി വഹിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും കൂടുതൽ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിരുന്നു. പാരിസ്ഥിതികാനുമതി ലഭ്യമായപ്പോൾ നിർദേശിച്ച കമ്മിറ്റി കൃത്യമായ ഇടവേളകളിൽ യോഗം ചേരാനും ജില്ലാ ഭരണകൂടവുമായും തദ്ദേശഭരണകൂടങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. യോഗത്തിൽ വയനാട് ജില്ലാ കളക്ടർ ജില്ലാ ഭരണകൂടത്തിന്‍റെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ എന്ന കമ്പനിയാണ് പദ്ധതിയുടെ കരാറുകാർ. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പ്രവൃത്തികൾ ദിലീപ് ബിൽഡ്കോണിന് കൈമാറിയത്.
പാറ മുഖത്തേക്ക് എത്തിച്ചേരുന്നതിനായി 60 മീറ്റർ വീതിയിലും 30 മീറ്റർ ഉയരത്തിലുമാണ് മണ്ണ് നീക്കം ചെയ്തുകൊണ്ടിരുന്നത്. നീക്കം ചെയ്യുന്ന മണ്ണ് മാറ്റാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്താനാകാതെ വന്നതോടെ കൂട്ടിയിട്ട മണ്ണിന് മുകളിൽ ടാർപോളിൻ ഇട്ട് മൂടുകയായിരുന്നു. കോൺക്രീറ്റ് പ്ലാസ്റ്ററിങ് ചെയ്ത ഭാഗമാണ് കൂടുതലായും ഒലിച്ചുവന്നത്. ഇതും കൂട്ടിയിട്ടിരുന്ന മണ്ണും എല്ലാം ചേർന്ന് കുഴമ്പ് രൂപത്തിലാവുകയും ആളുകൾ ഇതിൽ അകപ്പെടുകയുമായിരുന്നു.
അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കുമെങ്കിലും ഇതിന്‍റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതാണ് പ്രധാന ചോദ്യം. കരാർ കമ്പനി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ കൊങ്കൺ റെയിൽവേ എല്ലാവിധ സഹായങ്ങളും ആവശ്യപ്പെട്ടിരുന്നത് ജില്ലാ ഭരണകൂടത്തോടായിരുന്നു. എല്ലാ പിന്തുണയും അറിയിച്ചിട്ടും, ഈ പ്രദേശത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് മനുഷ്യജീവനുകൾ പൊലിഞ്ഞു എന്ന ചോദ്യം ബാക്കിയാവുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.