പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ.
വിഷയത്തിൽ വിശദമായ അന്വേഷണത്തിനായി ആരോഗ്യവകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും, ശസ്ത്രക്രിയ ആവശ്യമായ തരത്തിലുള്ള മുറിവ് ശരീരത്തിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനറൽ അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയും, പത്ത് മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയുമായിരുന്നു. മുഖത്തുണ്ടായിരുന്ന മുറിവ് നിസാരമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മരണകാരണം സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയമായ വ്യക്തത വരുത്തുന്നതിനായി കുട്ടിയുടെ ആന്തരിക അവയവങ്ങൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാഫലവും, ആശുപത്രിയിൽ നൽകിയ ചികിത്സാ രേഖകളും മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറും.
ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതേസമയം, സംഭവത്തിന് ശേഷം കുട്ടിയെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും ഒളിവിലാണെന്നും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.