തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിന് വേണ്ടിയുള്ള പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് ക്രമക്കേടിൽ പങ്കുള്ളതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
10 ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചത്. ഉത്തരങ്ങൾ മൂലനിർണയത്തിനായി നിയോഗിച്ചവർക്കു കൈമാറുന്നതിലാണ് വീഴ്ച സംഭവിച്ചത്. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും ഇവർ തയാറായില്ല. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂ എന്നും ആഭ്യന്തര വിജിലൻസ് പിഎസ്‌സിയെ അറിയിച്ചു.
ഇത് അംഗീകരിച്ച ബോർഡ് യോഗം വിശദാന്വേഷണത്തിനായി കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ, തുടരന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല.ക്രമക്കേട് ഉണ്ടെന്ന് ഉറപ്പായതോടെ അന്വേഷണം നടത്തുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുകയാണ് വേണ്ടതെങ്കിലും ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത് തടയാനാണ് തുടർ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് സൂചന.
ഇതേ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേകം അന്വേഷണ സംഘം (എസ്ഐടി) 2 ദിവസത്തിനകം കേസെടുക്കും. ഇതോടെ ആഭ്യന്തര വിജിലൻസിന്റെ തുടർ അന്വേഷണത്തിന് പ്രസക്തി നഷ്ടപ്പെടും. കേസെടുക്കുന്നതിനാവശ്യമായ തെളിവുകൾ പി എസ്‌സിയിലടക്കം നടത്തിയ പരിശോധനയിൽ എസ്ഐടിക്കു ലഭിച്ചതായാണു സൂചന. അന്വേഷണ റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്കു കൈമാറും. കേസെടുക്കുന്നതിനാവശ്യമായ നിയമോപദേശവും സംഘം തേടിയിട്ടുണ്ട്.
ഡപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരിൽ നിന്നു കഴിഞ്ഞ ദിവസം എസ്ഐടി മൊഴിയെടുത്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് കേസെടുക്കാമെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.