കോട്ടയം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നാല് ജില്ലകളിൽ ഇന്ന് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ സാരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ബസുടമകൾ സമരത്തിനിറങ്ങുന്നത്.
ദൈനംദിന ചെലവുകൾക്ക് പോലും വകയില്ലാത്ത അവസ്ഥയാണെന്നും ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ബസുടമകൾ പറയുന്നു.
യാത്രാസൗജന്യ പദ്ധതിയിൽ സ്വകാര്യ ബസുകളെ കൂടി ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നുണ്ട്.
ആലപ്പുഴയിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെബിടിഎ) എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ആലപ്പുഴ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് നടക്കും.
മാവേലിക്കര മിനി സിവിൽ സ്‌റ്റേഷനിലേക്കുള്ള മാർച്ച് എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെബിടിഎയുടെ നേതൃത്വത്തിൽ ഉടമകളും തൊഴിലാളികളും ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തുന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.