മനാമ: യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ബഹ്‌റൈനിലും കുവൈത്തിലുമുള്ള യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. മിസൈൽ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ചായി കുവൈത്ത് അറിയിച്ചു.
'നിലവിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുകയാണ്. സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമായിട്ടാണ്. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൗരന്മാരോടും താമസക്കാരോടും ശാന്തരായിരിക്കാനും ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറാനും മന്ത്രാലയം അഭ്യർത്ഥിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് മന്ത്രാലയം ഉപദേശിച്ചു. ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയിരുന്നു.
80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ സൈറ്റുകൾ, മിസൈൽ ശേഷി, കൂടാതെ ഇറാനിയൻ സൈന്യത്തിന്റെ 60 ഓളം ചെറിയ ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടെന്നും യുഎസ് സേന അറിയിച്ചു.
ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു. ഉപരോധം പുനഃസ്ഥാപിച്ച നടപടിയും ആക്രമണങ്ങളും കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക-ഇറാൻ മെമ്മോറാണ്ടത്തിന്റെ ലംഘനമാണെന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.