വിഴിഞ്ഞം: ബൈപാസിന്റെ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെ നീളുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി നിറയെ നട്ടും ബോൾട്ടും ഘടിപ്പിച്ച് ‘ഉറപ്പിച്ച’ നിലയിൽ. മഴക്കാലത്ത് ഈ ഭിത്തികളുടെ ഇടയിലൂടെ ജലം വാർന്നു പലയിടത്തും തകർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരെ അറിയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നടപടിയെന്ന് നാട്ടുകാർ പറയുന്നു.
കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുള്ള നിർമാണത്തിനിടയിൽ വിടവ് ഉള്ള ഭാഗങ്ങളിൽ ടയർ കഷണങ്ങൾ തിരുകിക്കയറ്റിയുള്ള താൽക്കാലിക പരിഹാരവും കാണാം. നിർമാണ ഘട്ടത്തിൽ തന്നെ അശാസ്ത്രീയമെന്നു ആക്ഷേപമുയർന്ന ഈ പാത നാട്ടുകാർക്ക് ഇപ്പോൾ സമ്മാനിക്കുന്നത് ഭീതിയാണ്. മുൻ വർഷങ്ങളിലെ മഴക്കാലത്ത് പാതയുടെ പല ഭാഗങ്ങളും തകർന്ന് കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു.
ചെളിയും മഴവെള്ളവും സമീപ വീടുകളിൽ നിറഞ്ഞ സംഭവം നാട്ടുകാർ ഓർക്കുന്നു. തുടർന്ന് പലയിടങ്ങളിലായി വീണ്ടും ഇത്തരത്തിൽ ചെറിയ തകർച്ച ഉണ്ടായി. വിവരം അറിയിച്ചപ്പോൾ ദേശീയ പാത(എൻഎച്ച്എ) അധികൃതരെത്തി ഇത്തരത്തിൽ ഇരുമ്പ് ആണികൾ ഉറപ്പിച്ചു മടങ്ങുകയാണ് പതിവെന്നു നാട്ടുകാർ പറഞ്ഞു. ഇതു ശാശ്വതമായ പരിഹാരമല്ലെന്നും ഇവർ പരാതിപ്പെട്ടു. പലയിടത്തും പാതയ്ക്ക് 10 മുതൽ 15 വരെ മീറ്ററാണ് ഉയരം.
മണ്ണ് പല അടുക്കുകളായി നിറച്ചാണ് പാത നിർമിച്ചിട്ടുള്ളത്. എന്നാൽ വശങ്ങളുടെ സംരക്ഷണം ശാസ്ത്രീയമല്ല എന്നാണ് ആക്ഷേപം. പാതയുടെ ഇരു വശങ്ങളിലും ജനവാസ മേഖലയാണ്. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം വേണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ നേരത്തെ തന്നെ എൻഎച്ച്എ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലുംനടപടി ഉണ്ടായിട്ടില്ല. വഴി വിളക്കുകൾ ഇല്ലാത്തതിനാൽ പാതയുടെ ഈ ഭാഗം രാത്രി ഇരുട്ടിലമരും. വിജനമായ ഇവിടം പലപ്പോഴും സാമൂഹിക വിരുദ്ധരുടെ താവളം ആണെന്നും മാലിന്യം വൻ തോതിൽ തള്ളുന്നെന്നും പരാതിയുണ്ട്.
അപകട സാഹചര്യമില്ല: അധികൃതർ ബൈപാസിന്റെ പയറുംമൂട് വേങ്ങപ്പൊറ്റ ഭാഗങ്ങളിൽ അപകട സാഹചര്യമില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ. ഐഐടിയുടെ നിർദേശാനുസരണം ഉള്ള രൂപകൽപനയാണ് ഇതെന്നും തകർച്ച ഭീഷണി ഇല്ല എന്നുമാണ് അധികൃതരുടെ വിശദീകരണം. നാലു വർഷം മുൻപ് ഉണ്ടായ നേരിയ കേടുപാട് അപ്പോൾ തന്നെ പരിഹരിച്ചിരുന്നെന്നും അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.