അമ്പലപ്പുഴ: പൊതുവേദികളിൽ നേതാക്കൾക്കെതിരേ നിരന്തരം ആക്ഷേപമുന്നയിക്കുന്ന ജി. സുധാകരൻ എം.എൽ.എ.യെ നേരിടാൻ സി.പി.എം.. വെള്ളിയാഴ്ച നീർക്കുന്നം സ്കൂളിലുണ്ടായ സംഭവവും ശനിയാഴ്ച എം.എൽ.എ. ഓഫീസിലേക്കു നടത്തിയ പ്രകടനത്തിനുശേഷം നേതാക്കളുടെ പ്രസംഗവും ഇതു വ്യക്തമാക്കുന്നു.
ജി. സുധാകരൻ, എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിക്കാതെ ഔദ്യോഗികവേദിയിൽ മാന്യതയില്ലാത്ത അനാവശ്യ കാര്യങ്ങൾ പറഞ്ഞാൽ അതേ വേദിയിൽ പാർട്ടിക്കാർ മൈക്കു പിടിച്ചെടുത്ത് മറുപടി പറയുമെന്ന് മുൻ എം.എൽ.എ. എച്ച്. സലാം വ്യക്തമാക്കി. മാത്രമല്ല, പഞ്ചായത്തിന്റെ ചടങ്ങുകളിൽ നേതാക്കളെ അപമാനിക്കുന്നവിധം പ്രസംഗിച്ചാൽ പ്രസിഡന്റുമാർ മൈക്ക് ഓഫ് ചെയ്യാനും മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
പാർട്ടിബന്ധം ഉപേക്ഷിച്ചതു മുതൽ സുധാകരൻ സി.പി.എം. നേതാക്കൾക്കെതിരേ നിരന്തരം ആക്ഷേപങ്ങൾ ഉയർത്തുകയാണ്. നിയമസഭയിലും ഇതാവർത്തിച്ചു. അടുത്തിടെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. ഇതിനെല്ലാം പ്രസ്താവനകളിലൂടെയും സാമൂഹികമാധ്യമ കുറിപ്പുകളിലൂടെയുമാണ് പാർട്ടി പ്രതിരോധിച്ചിരുന്നത്.
ഇതിനെയെല്ലാം വെല്ലുവിളിച്ച് സുധാകരൻ മുന്നേറിയപ്പോൾ പാർട്ടി അക്ഷരാർഥത്തിൽ പ്രതിരോധത്തിലാവുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ സുധാകരന്റെ പരാമർശങ്ങൾക്കു വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിൽവെച്ച് പാർട്ടി ഏരിയ കമ്മിറ്റി മുൻ അംഗവും ഗ്രാമപ്പഞ്ചായത്തംഗവുമായ എസ്. ഹാരിസ് സുധാകരനെതിരേ നടത്തിയ പ്രതികരണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നാണു സൂചന.
മിനിറ്റുകൾക്കകം തന്നെ ഇതിന്റെ വീഡിയോ സി.പി.എമ്മിന്റെ സൈബറിടങ്ങളിൽ പ്രചരിക്കുകയും പ്രവർത്തകർ കുറിപ്പുകളിടുകയും ചെയ്തു. പിന്നാലെ, ശനിയാഴ്ച എം.എൽ.എ. ഓഫീസിലേക്ക് സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇനി പൊതുവേദികളിൽ സി.പി.എം. നേതാക്കൾക്കെതിരേ സുധാകരൻ പരാമർശം നടത്തിയാൽ കേട്ടുനിൽക്കുന്ന പ്രവർത്തകരോട് പ്രതികരിക്കാനാണ് പാർട്ടി പ്രാദേശിക ഘടകങ്ങൾ നൽകിയിരിക്കുന്ന നിർദേശം. ഇതു സംഘർഷത്തിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.