കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി ആക്കാം എന്ന് എലത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണനു വാട്സാപ് കോളിൽ ‘വാഗ്ദാനം’.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞാണ് ഈ മാസം ആറിന് വാട്സാപ്പിൽ കോൾ വന്നത്. ഇത് സംബന്ധിച്ച് വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
ഇത്തരത്തിൽ കോൾ വന്നിരുന്നതായും പാർട്ടി നേതൃത്വം പറഞ്ഞതു പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇത്തരം നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ നടക്കുന്നുണ്ട്.
സാധാരണക്കാർ ഇത്തരം തട്ടിപ്പുകളിൽ വീണു പോകാൻ ഇടയുണ്ട്. അത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനാണ് പരാതി നൽകിയത്. അന്വേഷണത്തിനിടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കും എന്നതിനാൽ ഇതൊരു വാർത്ത ആക്കാൻ താൽപര്യമില്ലായിരുന്നു. ഈ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുമെന്നും വിദ്യ പറഞ്ഞു.
വയനാട് എംപിയുടെ ഓഫിസിൽ നിന്ന് രാജ് കുമാർ എന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് കോൾ വന്നത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നത് എന്നാണ് പറഞ്ഞത്. മന്ത്രി ആക്കാൻ ഉള്ള നടപടിക്രമങ്ങൾ വിവരിച്ച് ഇംഗ്ലിഷിലെ സംഭാഷണം പത്തു മിനിറ്റോളം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ പണം പിന്നീട് നൽകാമെന്നു മറുപടി നൽകി. തുടർന്ന് വിദ്യയുടെ ഫോൺ നമ്പർ കൈമാറിയെന്നു ‘രാജ് കുമാർ’ എന്നയാൾ സൂചിപ്പിച്ച എംപിയോട് വിദ്യ ഇക്കാര്യം ചോദിച്ചു.
എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം മറുപടി നൽകി.
തുടർന്ന് പ്രിയങ്ക ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസുമായും പാർട്ടി ആസ്ഥാനമായും ഇരുവരും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ കൂടി നിർദേശപ്രകാരം ഇക്കഴിഞ്ഞ ശനിയാഴ്ച സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.