തൃശൂർ: ദേശീയപാത 544–ൽ നിർമാണം അന്തിമ ഘട്ടത്തിലെത്തിയ പുതിയ മേൽപാലങ്ങളിലെ വൈദ്യുത വിളക്കുകൾ തെളിയാത്തതിൽ നടപടിയുമായി കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.
വിളക്കുകൾ തെളിക്കുന്നതിനു ചെലവാകുന്ന തുക കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നൽകും. കേന്ദ്രമന്ത്രിയുടെ ഓഫിസ് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെട്ടതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.
നിർമാണം പുരോഗമിക്കുന്ന വിവിധ മേൽപാലങ്ങളിൽ വൈദ്യുത വിളക്കുകൾ നാളുകളായി പ്രവർത്തിക്കാത്തതു സംബന്ധിച്ച് രാത്രിചിത്രങ്ങൾ സഹിതം വാർത്തയായിരുന്നു.
ഇതു ശ്രദ്ധയിൽപെട്ടതോടെയാണ് കേന്ദ്രമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്. ദേശീയപാത അതോറിറ്റിയാണ് വൈദ്യുത വിളക്കുകളുടെ നിരക്ക് കെഎസ്ഇബിയിൽ അടയ്ക്കേണ്ടത്. എന്നാൽ മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതു വരെ വൈദ്യുതി നിരക്ക് വഹിക്കാൻ കരാർ കമ്പനിയോട് എൻഎച്ച്എഐ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ കരാർ കമ്പനി വിളക്കുകളുടെ ഫ്യൂസ് താൽക്കാലികമായി ഊരി മാറ്റി. വൈദ്യുതി ബിൽ തുക നൽകാൻ തീരുമാനമായതോടെ ഉടൻ തെരുവു വിളക്കുകൾ തെളിയുമെന്നാണു പ്രതീക്ഷ.
അടിമുടി ഇരുട്ട് യാത്ര കല്ലിടുക്ക്, മുടിക്കോട്, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര തുടങ്ങിയ നിർമാണം തുടരുന്ന മേൽപാതകളിൽ ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രിയാത്ര വലിയ സുരക്ഷാ ഭീഷണിയാണ്. രാത്രി റോഡ് അടിമുടി ഇരുട്ടു പുതച്ചു കിടക്കുന്ന സ്ഥിതി.
മേൽപാലങ്ങളിൽ റിഫ്ലക്ടറുകളും ലൈൻ മാർക്കിങ്ങുകളും പൂർത്തിയാകാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. വാഹന ഹെഡ്‌ലൈറ്റുകളുടെ പ്രകാശം മാത്രമാണ് റോഡിന്റെ ഗതി തിരിച്ചറിയാൻ സഹായം. മഴയത്ത് മേൽപാത യാത്ര വൻ സുരക്ഷാ ഭീഷണിയാണ്. ഈ മേഖലകളിൽ പലയിടത്തും സർവീസ് റോഡുകളും ഇരുട്ടിലാണ്. വഴുക്കുംപാറ മേൽപാതയിൽ തെരുവു വിളക്കുകൾ ഇനിയും സ്ഥാപിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.