ശബരിമല: പി.എസ്.പ്രശാന്ത് പ്രസിഡന്റായിരിക്കെ ശബരിമലയിൽ കഴിഞ്ഞ വർഷം നടന്ന സ്വർണക്കൊള്ളയ്ക്കായി ഉണ്ണിക്കൃഷ്ണൻ പോറ്റി 4 വർഷം മുൻപേ പദ്ധതിയിട്ടതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. പോറ്റിയുടെ ആവശ്യവും തിരുവാഭരണം കമ്മിഷണറുടെ ശുപാർശയും ഒരുപോലെ അംഗീകരിച്ചതാണു പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോർഡിനു കുരുക്കായത്.
2019ൽ സ്വർണം പൂശി തിരികെ സ്ഥാപിച്ച ദ്വാരപാലക പാളിയിൽ വീണ്ടും അറ്റകുറ്റപ്പണികൾ നടത്താൻ 2021ൽ തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകി. അതിനാലാണ് ഇത് 2019ലെ കൊള്ളയുടെ തുടർച്ചയാണെന്നു എസ്ഐടി വിലയിരുത്തുന്നത്. ദ്വാരപാലകരുടെ ചെമ്പിൽ പൊതിഞ്ഞ താങ്ങുപീഠം ഉൾപ്പെടെയുള്ള ഭാഗങ്ങൾ ദേവസ്വം ബോർഡിന്റെ ചെലവിൽ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചാൽ സ്വന്തം ചെലവിൽ സ്വർണം പൂശി നൽകാമെന്ന് ഏറ്റിരുന്നു. പുറമേ ശ്രീകോവിലിന്റെ കതക്, കട്ടിള, ലക്ഷ്മീരൂപം, കമാനം എന്നിവയുടെ കേടുപാടുകൾ തീർത്തു നൽകാമെന്നും പോറ്റി ഏറ്റിരുന്നു.
ഇതിനായി തന്ത്രി നിർദേശിക്കുന്ന അനുജ്ഞ, ശുദ്ധി, മറ്റുപൂജാദി കർമങ്ങൾ എന്നിവയും സ്വന്തം ചെലവിൽ നടത്താമെന്നാണു പോറ്റി വാഗ്ദാനം ചെയ്തത്. തന്ത്രി ഇത് അംഗീകരിച്ച് ഓണം പൂജയുടെ അവസാന ദിവസമായ കഴിഞ്ഞ സെപ്റ്റംബർ 7നു ദേവന്റെ അനുജ്ഞ വാങ്ങി അഴിച്ചെടുക്കാമെന്നും കന്നിമാസ പൂജയ്ക്കു നട തുറക്കുമ്പോൾ ഇവ പുനഃസ്ഥാപിക്കണമെന്നും അറിയിച്ചതായി തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതാണു കേസിൽ തന്ത്രിക്കു കുരുക്കാകുന്നത്.
തിരുവാഭരണം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ വിജിലൻസ് എസ്പി, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഇവ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചു സ്വർണം പൂശി തിരികെ കൊണ്ടുവരുന്നതിനാണു ശുപാർശ നൽകിയത്. സെപ്റ്റംബർ 2നു ചേർന്ന ദേവസ്വം ബോർഡ് യോഗം ഇതിന് അംഗീകാരം നൽകിയതിൽ അനാവശ്യ തിടുക്കവും ഭരണപരമായ വീഴ്ചയും ഉണ്ടായെന്നാണു എസ്ഐടിയുടെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.