തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ആര്.സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയാണ് ഇന്നു വൈകിട്ട് 5.30 വരെ സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
വെള്ളയില്‍കടവില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സുഗതന് 2 പേരെ ആക്രമിച്ചെന്ന കേസില്‍ ആയുധങ്ങള്‍ കണ്ടെത്താനുണ്ടെന്നും രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്നുമാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, തിരുവനന്തപുരത്ത് എത്തിച്ച ശേഷം മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ വാഹനത്തില്‍ വച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതന് കോടതിയില്‍ പറഞ്ഞിരുന്നു. പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ വട്ടിയൂര്‍കാവില്‍നിന്നുള്ള പൊലീസ് സംഘം സുഗതനൊപ്പം പോയത് കോടതി ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ വിടുന്നതിനു മുന്‍പ് വട്ടിയൂര്‍കാവ് പൊലീസ് എന്തിനാണ് സുഗതനൊപ്പം പോയതെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് നാലു മണിക്കൂര്‍ സമയത്തേക്കു മാത്രം സുഗതനെ കസ്റ്റഡിയില്‍ നല്‍കിയത്.
ക്ഷേത്രപരിസരത്ത് ഉള്‍പ്പെടെ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനു ശേഷം വൈകിട്ട് സുഗതനെ കോടതിയില്‍ ഹാജരാക്കണം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുഗതനെ ഇന്നലെ വൈകിട്ടാണ് പൂജപ്പുരയിലെത്തിച്ചത്. മാര്‍ച്ചില്‍ വട്ടിയൂര്‍ക്കാവ് വെള്ളയില്‍കടവിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് തലയ്ക്കു പരുക്കേല്പിച്ച കേസിലാണ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 4 പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് സുഗതന്. 2 പേര് മുന്‍കൂര്‍ ജാമ്യം തേടിയപ്പോള്‍ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് ജൂണ്‍ ഒന്‍പതിന് വീടുവളഞ്ഞ് സുഗതനെ പിടികൂടിയത്. തുടര്‍ന്ന് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനില്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും തലസ്ഥാനത്ത് എത്തിച്ചത്. ജാമ്യത്തിനായി സുഗതന് കഴിഞ്ഞ ദിവസം കാപ്പ ഉപദേശക സമിതിയെ സമീപിച്ചിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യരാക്കിയ കൗണ്‍സിലര്‍മാരില്‍ സുഗതനും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകും. അതോടെ കോര്‍പറേഷനില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷവും നഷ്ടമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.