ന്യൂഡല്‍ഹി: ലിവ്-ഇന്‍ പങ്കാളിയില്‍ നിന്നും തന്റെ പതിമൂന്നുകാരിയായ മകളെ രക്ഷിക്കാന്‍ സഹോദരിയുടെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയും സഹോദരിയും പോലീസിന്റെ പിടിയിലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ലോണി ട്രോണിക്ക സിറ്റിയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ബുലന്ദ്ഷഹര്‍ സ്വദേശിനിയായ കിരണ്‍ (32), ഇവരുടെ അനിയത്തി കാശിഷ് (21) എന്നിവരാണ് സക്കീര്‍ (38) എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.മുന്‍ വിവാഹത്തില്‍ മൂന്ന് കുട്ടികളുള്ള കിരണ്‍ കഴിഞ്ഞ നാല് വര്‍ഷമായി സക്കീറുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ലോണിയിലുള്ള ഇയാളുടെ വീട്ടിലേക്ക് ഒപ്പം താമസിക്കാനായി മാറുന്നത്. കിരണിന്റെ 13 വയസ്സുള്ള മകളും രണ്ട് ആണ്മക്കളും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി സക്കീറിന് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് മോശം ഉദ്ദേശ്യങ്ങളുണ്ടെന്ന് കിരണ്‍ സംശയിച്ചിരുന്നു.
ഇയാള്‍ മകളെ ലൈംഗികമായി ചൂഷണം ചെയ്യുമോ എന്ന ഭയത്തെത്തുടര്‍ന്നാണ് സക്കീറിനെ ഇല്ലാതാക്കാന്‍ കിരണ്‍ തീരുമാനിക്കുന്നത്. ഇതിനായി 20 ദിവസം മുമ്പ് ബുലന്ദ്ഷഹറില്‍ നിന്നും അനിയത്തി കാശിഷിനെ കിരണ്‍ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു.
കൃത്യം നടന്ന ദിവസം ഉച്ചയ്ക്ക് സക്കീറിന്റെ ഫോണ്‍ ഉപയോഗിച്ച് കിരണ്‍ ഒരു ടാക്സി വിളിച്ച് വരുത്തുകയും തന്റെ മൂന്ന് മക്കളെയും അതില്‍ കയറ്റി പുറത്തേക്ക് വിടുകയും ചെയ്തു. കുട്ടികള്‍ പോയതിന് പിന്നാലെ കിരണും സഹോദരിയും ചേര്‍ന്ന് സക്കീറിന്റെ തലയ്ക്ക് വടികൊണ്ട് ശക്തമായി അടിച്ചു. അടി കൊണ്ട് സക്കീര്‍ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് കൊലപാതകം തൂങ്ങിമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇവര്‍ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും, കെട്ടിത്തൂങ്ങുമ്പോള്‍ സംഭവിക്കുന്നത് പോലെ കാണിക്കാന്‍ ഫാനിന്റെ ബ്ലേഡുകള് വളയ്ക്കുകയും ചെയ്തു.
ഇതിനുശേഷം കിരണും സഹോദരിയും ഉറക്കെ നിലവിളിച്ച് അയല്‍ക്കാരെ കൂട്ടുകയും സക്കീര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഉടന്‍ തന്നെ സക്കീറിന്റെ സഹോദരന് സമീറിനെ വിളിച്ച് വിവരമറിയിച്ച ശേഷം ഇവര്‍ സക്കീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സക്കീറിന്റെ മരണം ശ്വാസം മുട്ടിയാണെന്നും തലയില്‍ ആഴത്തിലുള്ള പരിക്കുണ്ടെന്നും കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സക്കീറിന്റെ സഹോദരന് സമീര്‍ ഖാന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കിരണിനെയും അനിയത്തിയെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് 12 മണിക്കൂറിനുള്ളില്‍ തന്നെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വടിയും തുണിയും സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.