കെയ്റോ: യെമനിലെ അറിയപ്പെടുന്ന സാഹസിക യാത്രികനും 'സ്പൈഡർമാൻ ഓഫ് യെമൻ' എന്ന പേരിൽ പ്രശസ്തനുമായ അൽ-ഖാഖാ ഇബ്ൻ അന്തരത്തിന് (30) ദാരുണാന്ത്യം.
സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ അഗ്നിപർവ്വത ഗർത്തത്തിന്റെ ചെങ്കുത്തായ പ്രതലത്തിലുടെ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തെക്കൻ പ്രവിശ്യയായ ധാലെയിലെ അഗ്നിപർവ്വത ഗർത്തത്തിലാണ് അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി സ്ഥിരീകരിച്ചു. ഏകദേശം 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇയാൾ പതിച്ചത്.അപകടത്തിന്റെ ദൃശ്യങ്ങൾ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.പാറക്കെട്ടിന് മുകളിൽ അറബിയിൽ പേരുകൾ എഴുതിയിരിക്കുന്ന പ്രതലത്തിലുടെ യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ ഇയാൾ കയറുന്നത് വീഡിയോയിൽ കാണാം. വലതു കൈകൊണ്ട് പാറയിൽ പിടിച്ചുനിൽക്കെ ഇടതുകൈ വായുവിൽ ഉയർത്തി നിൽക്കുന്നതിനിടെ പെട്ടെന്ന് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി നീന്തൽ വിദഗ്ധരടങ്ങുന്ന സംഘം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്.
ഒടുവിൽ ഗർത്തത്തിന് താഴെയുള്ള തടാകത്തിന്റെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ ആഴത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുത്തനെയുള്ള പാറക്കെട്ടുകളും ചെങ്കുത്തായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തനം അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഗർത്തത്തിന്റെ അടിത്തട്ടിലുള്ള ചൂടുള്ള സൾഫർ തടാകത്തിലേക്കാണ് അന്തരം വീണത്.
യെമനിലെ ദുർഘടമായ മലനിരകളിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ സാഹസിക യാത്രകൾ നടത്തുന്ന വീഡിയോകൾ പങ്കുവെച്ചാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായത്. വെറും കൈകൾ കൊണ്ട് പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ഇയാളുടെ പ്രകടനങ്ങൾ പലപ്പോഴും വൈറലായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.