കുവൈത്തിനും ബഹ്‌റൈനും നേരെ മിസൈൽ വർഷം.. അമേരിക്കയും ഇറാനും നേർക്കുനേർ..!

യുഎസ്: കുവൈത്തിനും ബഹ്‌റൈനും നേരെ മിസൈൽ വർഷം യുഎസ് സെൻട്രൽ കമാൻഡായ സെന്റ്കോം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു.

ഇതിൽ ആറ് മിസൈലുകൾ യുഎസ് പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഏഴാമത്തെ മിസൈൽ ലക്ഷ്യത്തിലെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ആക്രമണത്തിൽ യുഎസ് സൈനികർക്കോ ഉദ്യോഗസ്ഥർക്കോ പരുക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 

കുവൈത്തിൽ യുഎസ് സൈനികർക്ക് ആതിഥേയത്വം വഹിക്കുന്ന പ്രധാന കേന്ദ്രമായ അലി അൽ സലേം വ്യോമതാവളത്തിനു നേരെയും ബഹ്‌റൈനിലെ യുഎസിന്റെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുമായിരുന്നു ഇറാന്റെ ആക്രമണം.

ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും, ജനങ്ങളോട് ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിക്കുകയും ചെയ്തു. കുവൈത്ത് സൈന്യവും തങ്ങളുടെ രാജ്യത്തിന് നേരെ വന്ന മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. 

മിസൈൽ ആക്രമണത്തിന് തൊട്ടുമുൻപ്, രാജ്യാന്തര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ നാല് ഇറാനിയൻ ഡ്രോണുകളും യുഎസ് വെടിവച്ചിട്ടിരുന്നു. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സേന ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളിൽ ആക്രമണം നടത്തി. ഗൊറൂക്കിലെ റഡാർ സൈറ്റും ഖേഷം ദ്വീപിലെ സൈറ്റും തകർത്തതായി സെന്റ്‌കോം അറിയിച്ചു. തുടർന്നുള്ള സമുദ്ര ആക്രമണങ്ങൾ തടയുന്നതിനായിരുന്നു ഈ തിരിച്ചടി.

ഇന്ന് (ശനി) പുലർച്ചെ 4.15 നാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തര നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഗൾഫ് മേഖലയിൽ മിസൈൽ ആക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമായതോടെ ജനവാസ മേഖലകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടികൾ.

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലെ പ്രധാന വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ശക്തമായ മിസൈൽ പ്രയോഗം.

∙ഹോർമുസ് ഉപരോധവും ആഗോള എണ്ണപ്രതിസന്ധിയും ആഗോള ഊർജ വിപണിയുടെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിൽ ടെഹ്‌റാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ സിംഹഭാഗവും കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിച്ചതോടെ, യുഎസ് സൈന്യം ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് സൈന്യം ബലമായി പിടിച്ചെടുത്തതും ഇറാന്റെ ഊർജ മേഖലയ്ക്ക് മേൽ പുതിയ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചതും.

‘ഒന്നുകിൽ ചർച്ച, അല്ലെങ്കിൽ കടുത്ത വഴി’ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണ്. ‘ഞങ്ങൾ ഇറാനിൽ നിന്ന് വളരെ വേഗത്തിൽ പുറത്തുവരും, ഒന്നുകിൽ ചർച്ചകളിലൂടെ അല്ലെങ്കിൽ കടുത്ത വഴിയിലൂടെ’, വിസ്കോൻസെനിൽ കർഷകരെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടാനും ആണവ പദ്ധതിയെക്കുറിച്ച് പുതിയ ചർച്ചകൾ തുടങ്ങാനും ഒരാഴ്ച മുൻപ് താൽക്കാലിക ധാരണയായിരുന്നു. എന്നാൽ ട്രംപ് ചില മാറ്റങ്ങൾ ആവശ്യപ്പെട്ടതോടെ കരാർ ഒപ്പിടുന്നതിൽ നിന്ന് ഇറാൻ പിൻമാറി. ഇറാന്റെ പക്കൽ ഇനിയും 21 ശതമാനം മുതൽ 22 ശതമാനം വരെ മിസൈൽ ശേഖരം അവശേഷിക്കുന്നുണ്ടെന്നാണ് യുഎസ് വിലയിരുത്തൽ.

∙ഹിസ്ബുല്ലയും ഇസ്രയേലും നേർക്കുനേർ ഗൾഫ് മേഖലയിലെ സംഘർഷത്തിന് പുറമേ, ലബനനിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. വാഷിങ്ടനിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും വെടിനിർത്തലിന് ധാരണയായെങ്കിലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഈ കരാർ പൂർണമായി തള്ളിപ്പറഞ്ഞു.

തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒൻപതോളം ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രയേൽ സൈനികർക്കും പരുക്കേറ്റിട്ടുണ്ട്. പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെങ്കിൽ ഹോർമുസ് കടലിടുക്കിലെ വെടിനിർത്തൽ കരാർ ലബനനിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന നിബന്ധന.

സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ യുഎസുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകൻ മെഹ്സിൻ റെസായ് പറഞ്ഞു. ഡോണൾഡ് ട്രംപാണ് ഈ പ്രതിസന്ധി മാറ്റേണ്ടതെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പന്ത് ട്രംപിന്റെ കോർട്ടിലാണ്. 

യുദ്ധം വീണ്ടും ആരംഭിക്കുകയാണെങ്കിൽ അത് ഇന്ത്യൻ മഹാസമുദ്രം, ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് റെസായ് മുന്നറിയിപ്പ് നൽകി. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് USNavy എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !