അജ്മാൻ/ഷാർജ:. ഇല്ല, അവനൊരിക്കലും ആരെയും ദ്രോഹിക്കില്ല. മറ്റാർക്കോ വേണ്ടി അവൻ ആ പ്രശ്നത്തിൽ ഇടപെട്ടിരിക്കാം.
അത് എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചതായിരിക്കാം...ഷാർജ അൽ നഹ്ദയിൽ ടിക് ടോക് തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി നരുവമ്പ്രം സ്വദേശി ഇസ്മായീൽ പൊന്നൻ ഇബ്രാഹിം കുട്ടി (40)യെക്കുറിച്ച് ഓർക്കുമ്പോൾ ബാല്യകാല സുഹൃത്തായ ജീവൻ ഒരൂലുവീട്ടിലിന്റെ വാക്കുകളിൽ വിറയലുണ്ട്, കണ്ണുകളിൽ കണ്ണീരിന്റെ നനവുണ്ട്.ക്ലാസ് മുറിയിൽ തുടങ്ങിയ കൂട്ടുകെട്ട്; യുഎഇയിൽ തളിർത്ത സൗഹൃദം എന്റെ നാട്ടുകാരനാണ് ഇസ്മായീൽ. ഞങ്ങൾ ഒരേ സ്കൂളിലാണ് പഠിച്ചത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരേ ബെഞ്ചിലിരുന്ന് അത്രമേൽ അടുത്ത സൗഹൃദത്തിലായവർ. പത്തു കഴിഞ്ഞപ്പോൾ രണ്ടു വഴിക്കായി. പ്ലസ് ടുവിന് ശേഷം ഞാൻ തൃശൂർ ഫൈൻ ആർട്സ് കോളജിൽ ചേർന്നതോടെ കോൺടാക്ടുകൾ കുറഞ്ഞു. എന്നാൽ, പഠനമൊക്കെ കഴിഞ്ഞ് 18 വർഷങ്ങൾക്ക് ശേഷം ഞാൻ യുഎഇയിൽ ജോലി തേടിയെത്തി.
ഏതാണ്ട് ഒൻപത് വർഷം മുൻപാണ് ഇസ്മായീലും യുഎഇയിലേക്ക് വരുന്നത്. അതോടെ ഞങ്ങളുടെ ആ പഴയ സൗഹൃദം വീണ്ടും തളിർത്തു- ജീവൻ ഓർക്കുന്നു.ആദ്യകാലത്ത് ഇസ്മായീൽ ദുബായിൽ മറ്റ് രണ്ടുപേരുമായി ചേർന്ന് ഒപ്റ്റിക്കൽസ് ബിസിനസ് തുടങ്ങിയെങ്കിലും ചില പ്രശ്നങ്ങൾ കാരണം അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വലിയ കടബാധ്യതകൾ തലയിലായതോടെ അവൻ നാട്ടിലേക്ക് മടങ്ങി.
ആ സമയത്ത് സങ്കടങ്ങൾ ഉള്ളിലൊതുക്കി അവൻ കുറച്ചൊക്കെ ഉൾവലിഞ്ഞിരുന്നു. എന്നാൽ, പ്രതിസന്ധികളോട് പൊരുതി ജയിക്കാൻ അവൻ അധികം വൈകാതെ തിരിച്ചെത്തി. ദുബായ് അൽനഹ്ദയിലെ ഒരു കഫെയിലായിരുന്നു ആദ്യം ജോലി. പിന്നീട് തമിഴ്‌നാട് സ്വദേശിയുടെ കരാമയിലെ ബേയ്ക്കറി-കുൽഫി കടയിലേക്ക് മാറി. ആദ്യമൊക്കെ ജീവനും ഇസ്മായിലും സ്ഥിരമായി കാണാറുണ്ടായിരുന്നു. പിന്നീട് ജീവന്റെ ജോലി ഷാർജയിലേക്ക് മാറിയതോടെ നേരിട്ടുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു.
എങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ രാത്രികളിൽ അവർ ഫോണിൽ സംസാരിച്ചു. പത്താം ക്ലാസിലെ കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഇസ്മായീൽ എപ്പോഴും സജീവമായിരുന്നു.തെയ്യം ചിത്രങ്ങൾക്ക് ജീവൻ നൽകിയ ഘനഗംഭീര ശബ്ദം തെയ്യങ്ങളെ പ്രമേയമാക്കി ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ചിത്രകാരൻ കൂടിയാണ് ജീവൻ. ഒരിക്കൽ ഇസ്മായീൽ താൻ ശബ്ദം നൽകിയ ഒരു വിഡിയോ ജീവന് അയച്ചുകൊടുത്തു. ആ ഗാംഭീര്യമുള്ള ശബ്ദം ജീവനെ ഏറെ ആകർഷിച്ചു.
അതു കേട്ടപ്പോൾ എനിക്ക് തോന്നി, ഞാൻ വരയ്ക്കുന്ന തെയ്യം പെയിന്റിങ്ങുകളുടെ വിഡിയോകൾക്ക് ഇസ്മായീലിനെക്കൊണ്ട് ശബ്ദം നൽകിച്ചാലോ എന്ന്. കാര്യം പറഞ്ഞപ്പോൾ ഹൃദയവിശാലതയോടെയാണ് അവൻ അത് സ്വീകരിച്ചത്. പിന്നീട് എന്റെ ഒട്ടേറെ വിഡിയോകൾക്ക് അവൻ മനോഹരമായി ശബ്ദം നൽകി. ഓരോ തെയ്യം വരയ്ക്കുമ്പോഴും ആ തെയ്യത്തിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇസ്മായീലിന്റെ ശബ്ദത്തിലൂടെ ആസ്വാദകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. സത്യത്തിൽ ആ ചിത്രങ്ങളുടെ ജീവൻ തന്നെ അവന്റെ ശബ്ദമായിരുന്നു..."ജീവന്റെ വാക്കുകൾ ഇടറി.
∙അപ്രതീക്ഷിതമായി എത്തിയ ആ ദുരന്തവാർത്ത രണ്ടു മാസം മുൻപാണ് ജീവൻ അവസാനമായി ഇസ്മായീലിനെ നേരിൽ കണ്ടത്. പിന്നീട് ജീവൻ അവധിക്ക് നാട്ടിലേക്ക് പോയി. നാട്ടിലെ പല തിരക്കുകൾ കാരണം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. കൊലപാതകം നടന്ന വിവരം കൂട്ടുകാരെല്ലാം അറിയുന്നത് സംഭവത്തിന്റെ പിറ്റേ ദിവസമാണ്. ഇസ്മായീൽ സ്ഥിരമായി വിളിക്കാറുള്ള മറ്റൊരു സുഹൃത്ത് ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ, അവൻ ജോലി ചെയ്യുന്ന കടയുടമയെ വിളിച്ചു ചോദിച്ചപ്പോഴാണ് രണ്ടു ദിവസമായി ഇസ്മായീൽ കടയിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
തുടർന്ന് സുഹൃത്തുക്കൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ്, ഹൃദയം തകർക്കുന്ന ആ സത്യം പുറത്തുവരുന്നത്; ഇസ്മായീൽ കൊല്ലപ്പെട്ടിരിക്കുന്നു, മൃതദേഹം മോർച്ചറിയിലാണ്. ദുബായ് അൽനഹ്ദ ഭാഗത്തായിരുന്നു ഇസ്മായീൽ താമസിച്ചിരുന്നത്. എന്നാൽ കൊലപാതകം നടന്നത് ഷാർജ അൽനഹ്ദയിലായിരുന്നു.അവൻ മാന്യനാണ്, ആ ശബ്ദം അവന്റേതല്ല’ കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന്റെ വിഡിയോ ജീവനും കണ്ടിരുന്നു. എന്നാൽ അതിലെ വെല്ലുവിളിക്കുന്ന ശബ്ദം ഇസ്മായീലിന്റേതാണെന്ന് വിശ്വസിക്കാൻ ജീവന് ഇപ്പോഴും കഴിയുന്നില്ല.
വിഡിയോയിൽ അക്രമികൾ അവന്റെ മാതാപിതാക്കളെപ്പോലും വളരെ മോശമായി ചീത്ത വിളിക്കുന്നത് കേൾക്കാം. ഇസ്മായീൽ ഒരിക്കലും അത്തരത്തിൽ മോശമായി സംസാരിക്കുന്ന വ്യക്തിയല്ല. വളരെ മാന്യനും എല്ലാവരോടും സൗമ്യമായി പെരുമാറുന്ന മികച്ചൊരു കലാകാരനുമാണ് അവൻ. നന്നായി പാട്ടുപാടുമായിരുന്ന അവൻ എല്ലാ ദിവസവും എനിക്ക് പാട്ടുകൾ പാടി അയച്ചുതരുമായിരുന്നു. മദ്യപാനം പോലുള്ള യാതൊരു ദുശ്ശീലങ്ങളും അവനുണ്ടായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം- ജീവൻ സാക്ഷ്യപ്പെടുത്തുന്നു.
ഇത് ഇസ്മായീൽ മറ്റാരുടെയോ പ്രശ്നത്തിൽ ചെന്നുപെട്ടതാണെന്ന് ജീവൻ ഉറച്ചു വിശ്വസിക്കുന്നു. സ്വന്തം കാര്യമാണെങ്കിൽ അവൻ ഒരിക്കലും ഈ രീതിയിൽ പ്രതികരിക്കില്ലായിരുന്നു. എന്നാൽ സ്വന്തം മാതാപിതാക്കളെ അത്രയും ക്രൂരമായി അധിക്ഷേപിച്ചപ്പോൾ ഏതോ ഒരു ദുർബലനിമിഷത്തിൽ നിയന്ത്രണം കൈവിട്ടുപോയതാകാം. ഒടുവിൽ അതൊരു വലിയ ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പ്രിയ ചങ്ങാതിയുടെ ചേതനയറ്റ മുഖം അവസാനമായി ഒരു നോക്ക് കാണാൻ, നെഞ്ചുപൊട്ടുന്ന വേദനയോടെ കാത്തിരിക്കുകയാണ് ജീവനും മറ്റ് പ്രിയപ്പെട്ടവരും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.