ന്യൂസീലൻഡ്:ഉപരിപഠനവും അതിനുശേഷം അവിടെത്തന്നെ മികച്ചൊരു കരിയറും സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത.
രാജ്യത്തെ ഇമിഗ്രേഷൻ നയങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ ന്യൂസീലൻഡ്.രാജ്യാന്തര ബിരുദധാരികൾക്ക് പഠനത്തിന് ശേഷം രാജ്യത്ത് തുടരാനും അനുയോജ്യമായ ജോലി കണ്ടെത്താനും സഹായിക്കുന്ന രീതിയിലാണ് ഈ പുതിയ നിയമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.പുതുക്കിയ നയപ്രകാരം ഒരു പുതിയ ഹ്രസ്വകാല ഗ്രാജ്വേറ്റ് വീസ അവതരിപ്പിക്കുകയും, നിലവിലുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വീസയുടെ യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുകയും ചെയ്തു.പുതിയ ഹ്രസ്വകാല ഗ്രാജ്വേറ്റ് വീസ (Short–Term Graduate Work Visa) ദീർഘകാല പോസ്റ്റ്–സ്റ്റഡി വർക്ക് വീസയ്ക്ക് യോഗ്യത നേടാൻ സാധിക്കാത്ത വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് 6 മാസം കാലാവധിയുള്ള ഈ പുതിയ വീസ അവതരിപ്പിക്കുന്നത്.
കോഴ്സ് കഴിഞ്ഞയുടൻ താൽക്കാലികമായി രാജ്യത്ത് തുടരാനും ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാനും ഈ വീസ വിദ്യാർഥികൾക്ക് അനുവാദം നൽകുന്നു. ഭാവിയിൽ ദീർഘകാല വർക്ക് വീസയിലേക്ക് മാറാൻ സഹായിക്കുന്ന ഒരു മികച്ച ജോലി കണ്ടെത്താൻ ബിരുദധാരികൾക്ക് സമയം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അപേക്ഷിക്കാനുള്ള യോഗ്യതകൾ 1. ന്യൂസീലൻഡിൽ കുറഞ്ഞത് 24 ആഴ്ച നീണ്ടുനിൽക്കുന്ന മുഴുവൻ സമയ ലവൽ 5 മുതൽ ലവൽ 7 വരെയുള്ള കോഴ്സുകൾ പൂർത്തിയാക്കിയിരിക്കണം. 2. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5,000 ന്യൂസീലൻഡ് ഡോളർ ഉണ്ടെന്നതിന്റെ സാമ്പത്തിക തെളിവ് കാണിക്കണം. 3. തങ്ങളുടെ സ്റ്റുഡന്റ് വീസ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചിരിക്കണം. ഈ ഹ്രസ്വകാല വീസയിൽ സ്വന്തമായി ബിസിനസ് ആരംഭിക്കാനോ, പങ്കാളിയെയോ കുട്ടികളെയോ സ്പോൺസർ ചെയ്യാനോ കഴിയില്ല.
കൂടാതെ ഈ വീസ നീട്ടിനൽകുന്നതുമല്ല.ഗ്രാജ്വേറ്റ് ഡിപ്ലോമ ഹോൾഡർമാർക്കുള്ള വിപുലീകരിച്ച വീസ ലവൽ 7 ഗ്രാജ്വേറ്റ് ഡിപ്ലോമ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഒരു വർഷം വരെയുള്ള പോസ്റ്റ്–സ്റ്റഡി വർക്ക് വീസയ്ക്ക് (പിഎസ്‌ഡബ്ല്യുവി) അർഹതയുണ്ടായിരിക്കും. എന്നാൽ ഇതിനായി രണ്ട് നിബന്ധനകളിൽ ഒന്ന് പാലിക്കേണ്ടതുണ്ട്. ∙ വിദ്യാർഥിക്ക് ന്യൂസീലൻഡിൽ നിന്നോ വിദേശത്ത് നിന്നോ ഉള്ള ഒരു ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം. അങ്ങനെയുള്ളവർ തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും മാത്രം തെളിവായി നൽകിയാൽ മതിയാകും.
വിദ്യാർഥിക്ക് ബാച്ചിലർ ബിരുദമില്ലെങ്കിൽ, അവർ പഠിച്ച ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ന്യൂസീലൻഡിന്റെ ‘ഗ്രീൻ ലിസ്റ്റിൽ’ (രാജ്യത്ത് കടുത്ത നൈപുണ്യക്ഷാമം നേരിടുന്ന തൊഴിലുകളുടെ പട്ടിക) ഉൾപ്പെട്ട ഒന്നായിരിക്കണം. മാത്രമല്ല, അവർ ആ യോഗ്യതയുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ ജോലി കണ്ടെത്തുകയും വേണം. ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്ത, ബാച്ചിലർ ബിരുദവുമില്ലാത്ത വിദ്യാർഥികൾക്ക് 6 മാസത്തെ പുതിയ ഹ്രസ്വകാല ഗ്രാജ്വേറ്റ് വീസയ്ക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക് പുതിയ ഹ്രസ്വകാല വീസയും പോസ്റ്റ്–സ്റ്റഡി വർക്ക് വീസയും ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു വ്യക്തിക്ക് അനുവദിക്കുകയുള്ളൂ. മുൻപ് ഈ വീസ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്ക് വീണ്ടും അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കില്ല. ഇന്ത്യയിൽ നിന്ന് ന്യൂസീലൻഡിലേക്ക് പഠനത്തിനായി തയാറെടുക്കുന്ന വിദ്യാർഥികൾ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
തങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സ് ഒരു വർഷത്തെ വർക്ക് വീസയ്ക്ക് അർഹതയുള്ളതാണോ അതോ ഗ്രീൻ ലിസ്റ്റ് തൊഴിലുകളുമായി ബന്ധപ്പെട്ടതാണോ എന്ന് മുൻകൂട്ടി പരിശോധിക്കുന്നത് അവിടെ സുരക്ഷിതമായ ഒരു കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കും.
രാജ്യത്തെ നൈപുണ്യ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്ന ജോലികളിലേക്ക് രാജ്യാന്തര വിദ്യാർഥികളെ ആകർഷിക്കാനും നിലനിർത്താനും ഈ മാറ്റങ്ങൾ ഉപകരിക്കുമെന്ന് ഇമിഗ്രേഷൻ ന്യൂസീലൻഡ് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.