തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) പ്രോത്സാഹനത്തിനും പൊതുഗതാഗത മേഖലയുടെ വളർച്ചയ്ക്കുമായി മോട്ടോർ വാഹന നികുതി ഘടനയിൽ സർക്കാർ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിലാണ് ഈ നിർണായക പ്രഖ്യാപനമുള്ളത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരായ നികുതിദായകരുടെ ഭാരം ലഘൂകരിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ നികുതി പരിഷ്കാര പ്രകാരം 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി അഞ്ചിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇ.വികളുടെ നികുതി എട്ടിൽ നിന്ന് അഞ്ച് ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. എന്നാൽ 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തി. ഇതിനുപുറമേ, വികലാംഗർക്കുള്ള മോട്ടോർ വാഹന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
കുടിശ്ശികയുള്ള ഇ-ചെല്ലാൻ തുകയുടെ പകുതി (50 ശതമാനം) അടച്ച് കേസുകൾ തീർപ്പാക്കാനുള്ള ആംനസ്റ്റി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകളുടെ നികുതി സർക്കാർ പകുതിയോളമായി കുറച്ചു. മൂന്ന് മാസത്തിലൊരിക്കൽ അടയ്ക്കേണ്ട ഈ നികുതിയിൽ വലിയ ഇളവാണ് വരുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് സാധാരണ സീറ്റുള്ള ബസുകൾക്ക് ഒരു സീറ്റിന് 2,000 രൂപയായിരുന്നത് ഇനി 900 രൂപയായി കുറയും. കിടന്നുയാത്ര ചെയ്യാവുന്ന സ്ലീപ്പർ ബസുകളിലെ സീറ്റുകൾക്ക് 3,000 രൂപയായിരുന്നത് 1,500 രൂപയായും കുറച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്രകൾ കൂടുതൽ എളുപ്പമാക്കാനും ബസ് ഉടമകളെ സഹായിക്കാനുമാണ് ഈ തീരുമാനം.
ഇതിനുപുറമേ, മുൻവർഷങ്ങളിലെ വെള്ളപ്പൊക്ക സെസ്സ് കുടിശ്ശികയുള്ള വ്യാപാരികൾക്കായി പ്രത്യേക ഇളവ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കച്ചവടക്കാർക്ക് അവരുടെ കുടിശ്ശിക തുക മുഴുവനായി അടച്ചുതീർക്കാൻ സർക്കാർ അവസരം നൽകും. ഇങ്ങനെ കൃത്യമായി തുക അടയ്ക്കുന്നവർക്ക് അതിന്മേലുള്ള പലിശയും പിഴയും പൂർണ്ണമായി ഒഴിവാക്കിക്കൊടുക്കും. ഈ ആനുകൂല്യം ഉപയോഗിച്ച് 2027 മാർച്ച് 31-നകം വ്യാപാരികൾക്ക് തങ്ങളുടെ പഴയ കുടിശ്ശികകളെല്ലാം പലിശയില്ലാതെ തീർക്കാവുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.