ബിജെപിക്ക് വൻ തിരിച്ചടി, തിരുവനന്തപുരം കോർപറേഷനിൽ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി.

ഭരണഘടനാവിരുദ്ധമായാണ് സത്യപ്രതിജ്ഞ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിൽ അല്ലെങ്കിൽ സഗൗരവം എന്ന് പറയുന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ തുടങ്ങിയവരുടെയും ബലിദാനികളുടെയും പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്.

ചട്ടലംഘനമെന്ന് കോടതി

ഇത് ഭരണഘടനയ്ക്കും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് കൃത്യമായ ഫോർമാറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ നിന്നും വ്യതിചലിച്ച് പ്രത്യേക ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള നടപടി ജനാധിപത്യവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കേസ് പരിഗണിക്കുന്ന വേളയിൽ തന്നെ ഹൈക്കോടതി ഈ നടപടിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. നിശ്ചിത ഫോർമാറ്റ് അനുസരിച്ച് ദൈവനാമത്തിൽ എന്ന് പറയുന്നതിന് പകരം, അവരവർക്ക് ഇഷ്ടമുള്ള വ്യത്യസ്ത ദൈവങ്ങളുടെ പേരുകൾ ഉപയോഗിച്ച് എങ്ങനെ സത്യപ്രതിജ്ഞ ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു.സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടവർ

ഹൈക്കോടതി വിധിയിലൂടെ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട കൗൺസിലർമാരുടെ വിവരങ്ങൾ: ചെമ്പഴന്തി ഉദയൻ (വാർഡ് നാല്), സുഗതൻ ആർ (വാർഡ് അഞ്ച്), വിഷ്ണു മോഹൻ (വാർഡ് ആറ്), സൂര്യ വിഎസ് (വാർഡ് ഏഴ്), പാപ്പനംകോട് സജി (വാർഡ് ഒമ്പത്), ആർസി ബീന (വാർഡ് 10), ആശാനാഥ് ജിഎസ് (വാർഡ് 11), വയൽക്കര രതീഷ് (വാർഡ് 12), വിനോദ് ആർ (വാർഡ് 13), ഗോപകുമാർ (വാർഡ് 14), ശ്രുതി എസ്എസ് (വാർഡ് 15), വി ഗിരി (വാർഡ് 16), സരിത പി (വാർഡ് 17), ഹരികുമാർ എസ് (വാർഡ് 18), ദീപ എസ് നായർ (വാർഡ് 19), സുകന്യ ഒ (വാർഡ് 20), ജയ രാജീവ് (വാർഡ് 21), സുനിൽ എസ്എസ് (വാർഡ് 22), അഡ്വ. മിനി പിഎസ് (വാർഡ് 23) തുടങ്ങിയവരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്.

ഹർജി നൽകിയത് സിപിഎം നേതാവ്

കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്പി ദീപക് ആണ് ബിജെപി കൗൺസിലർമാർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപിയിലെ ചില അംഗങ്ങൾ ശരണം വിളിച്ചതും, പ്രവർത്തകർ കോർപറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം ആലപിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എൽഡിഎഫ് കൗൺസിലർമാരുൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. ബിജെപിയുടേത് വർഗീയ അജൻഡയാണെന്നും പാസില്ലാതെയാണ് ബിജെപി പ്രവർത്തകർ അകത്ത് കയറിയതെന്നും സിപിഎം അംഗങ്ങൾ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയത്.ഹൈക്കോടതി വിധി പൂർണമായും അംഗീകരിക്കുന്നതായി മേയർ വി വി രാജേഷ് വ്യക്തമാക്കി. പുതിയ ഭരണസമിതി അധികാരത്തിൽ വരുന്നതിന് മുൻപ്, കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്ന ദിവസത്തെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ മുൻപാകെ കേസ് നിലവിലുണ്ടായിരുന്നത്. കേസിൻ്റെ വാദം ആരംഭിച്ച സമയം മുതൽ തന്നെ കോടതിയുടെ ഭാഗത്തുനിന്ന് ചില നിരീക്ഷണങ്ങൾ ഉണ്ടായിരുന്നതായും, നിലവിൽ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതിയുടെ വിധി അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഭരണസമിതി ശക്തമായി മുന്നോട്ടുപോകുമെന്നും മേയർ പറഞ്ഞു.

ഇരുപത് പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ സാഹചര്യത്തിൽ, ഇവർ വോട്ട് ചെയ്ത മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ അസാധുവാകുമോ എന്ന സിപിഎമ്മിൻ്റെ ആരോപണത്തോട് മേയർ പ്രതികരിച്ചു. ഇവർ കൗൺസിലർമാർ അല്ലെന്ന് കോടതി വിധിയിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും, സത്യപ്രതിജ്ഞ വീണ്ടും ചെയ്യണമെന്ന നിർദേശം മാത്രമാണ് സ്വാഭാവികമായും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിലെ ഏതെങ്കിലും വരിയിൽ ഇവർ കൗൺസിലർമാർ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അതിന് മറുപടി നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വഞ്ചിയൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന ആർ സുഗതൻ ഉൾപ്പെടെയുള്ളവരാണ് ഈ ഇരുപത് പേരുടെ പട്ടികയിലുള്ളത്. സുഗതൻ്റെ സത്യപ്രതിജ്ഞയും തീർച്ചയായും നടക്കുമെന്ന് മേയർ അറിയിച്ചു. ഇതിനായി കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിധി വന്നിട്ട് കേവലം പത്തോ പതിനഞ്ചോ മിനിറ്റുകൾ മാത്രമേ ആയിട്ടുള്ളൂവെന്നും, ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുവദിക്കുകയാണെങ്കിൽ ആ രീതിയിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയുടെ ഉത്തരവിൽ അത്തരമൊരു നിർദേശമുണ്ടെങ്കിൽ അതിന് മറുപടി പറയാൻ മേയർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും കോടതി വിധിയെ പൂർണമായും മാനിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ഈ മാസം 29ന് നഗരസഭാ കൗൺസിൽ യോഗം ചേരുമെന്നും മേയർ അറിയിച്ചു. യോഗത്തിൻ്റെ അജൻഡ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, ഇന്ന് വൈകുന്നേരത്തോടെ തന്നെ കൗൺസിലർമാർക്ക് അജൻഡ നൽകിത്തുടങ്ങുമെന്നും വി വി രാജേഷ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !