തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊലീസ് തലപ്പത്തു നടത്തിയ വമ്പന്‍ അഴിച്ചു പണിക്കു പിന്നാലെ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നു.
വരുന്ന ജൂലൈയില്‍ നിലവിലെ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയെ സംബന്ധിച്ച ഊഹാപോഹങ്ങളും ഉയരുന്നത്.മുന്‍ പിണറായി സര്‍ക്കാരിൻ്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന അനില്‍ കാന്തിനും ഷേഖ് ദര്‍വേഷ് സാഹിബിനും കാലാവധി നീട്ടി നല്‍കിയത് പൊലീസ് തലപ്പത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അനില്‍ കാന്തിന് ഏകദേശം ഒന്നര വര്‍ഷത്തോളവും ഷേഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷത്തോളവുമാണ് കാലാവധി നീട്ടി നല്‍കിയത്. സര്‍ക്കാരിനും സിപിഎമ്മിനും അനഭിമതരായ ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയാകുന്നത് തടയുന്നതിനായിരുന്നു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന വിമര്‍ശനം അന്ന് പല കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ ആരും ഇതിനെ നിയമപരമായി വെല്ലുവിളിക്കാന്‍ തയാറാകാതിരുന്നത് സര്‍ക്കാരിന് ആശ്വാസമായി.
രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് 2025 ജൂലൈ 1നാണ് റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റത്. അന്ന് സംസ്ഥാനം കൈമാറിയ ഏഴുപേരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന മൂന്നു പേരില്‍ നിന്ന് രണ്ടാം പേരുകാരനായ റാവാഡയെ സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയായി നിയമിക്കുകയായിരുന്നു. പട്ടികയില്‍ അന്ന് ഏറ്റവും സീനിയറായ നിതിന്‍ അഗര്‍വാളിനെയും പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായ യോഗേഷ്ഗുപ്തയെയും തഴഞ്ഞാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന റാവാഡയെ സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്.
അന്ന് പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്തയെ സംസ്ഥാനം കേന്ദ്രത്തിനയച്ച പട്ടികയില്‍ നിന്നു പിന്മാറ്റാന് ഇടതു സര്‍ക്കാരിൻ്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തലപ്പത്തേക്ക് നിയമിക്കുന്നതിന് ക്ലിയറന്‍സ് നല്കാന് ആവശ്യപ്പെട്ട് അക്കാലത്ത് കേന്ദ്രം അയച്ച കത്തിന് സംസ്ഥാനം മറുപടി നല്‍കാനും തയാറായില്ല.ഏകദേശം ഏഴു കത്തുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനയച്ചെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറി ഈ കത്തുകളെല്ലാം അവഗണിച്ചു.
സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താത്പര്യമില്ലെന്ന് കേന്ദ്രത്തെ അറിയിച്ചാല്‍ ക്ലിയറന്‍സ് നല്‍കാമെന്ന് സര്‍ക്കാര്‍ ദൂതന്മാര് യോഗേഷ് ഗുപ്തയെ അറിയിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെയാണ് കേന്ദ്രം സംസ്ഥാനത്തിനയച്ച പൊലീസ് മേധാവിമാരുടെ പട്ടികയില്‍ മൂന്നാം പേരുകാരനായി യോഗേഷ് ഗുപ്ത ഇടംപിടിച്ചത്.
നിലവിലെ ചട്ടം അനുസരിച്ച് സംസ്ഥാന പൊലീസ് മേധാവിമാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കേഡറിലുള്ള 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയതും ആറുമാസത്തില്‍ കുറയാതെ സര്‍വീസ് അവശേഷിക്കുന്നതുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ്സിക്കു കൈമാറണം. ഈ പട്ടികയില്‍ നിന്ന് ഏറ്റവും സീനിയറായ മൂന്നു പേരുടെ ചുരുക്ക പട്ടിക യുപിഎസ്സി, കേന്ദ്ര ആഭ്യന്തര വകുപ്പ്, കേന്ദ്ര പെഴ്സണെല് മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും സംസ്ഥാന ചീഫ് സെക്രട്ടറി, സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി എന്നിവര്‍ ചേര്‍ന്നാണ് പുതിയ പൊലീസ് മേധാവിമാരുടെ പാനല്‍ തയാറാക്കുന്നത്. ഈ പാനലിലെ മൂന്നു പേരില്‍ നിന്ന് സര്‍ക്കാര്‍ ഒരാളെ തിരഞ്ഞെടുക്കുകയാണ് പൊലീസ് മേധാവി തിരഞ്ഞെടുപ്പിൻ്റെ രീതി.
റാവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേരള സര്‍ക്കാര്‍ യുപിഎസ്സിക്കു കൈമാറും. ഇത്തവണ അത്തരത്തില്‍ യോഗ്യരായവരില്‍ ഒന്നാം പേര് റോഡ് സേഫ്ടി കമ്മിഷണര്‍ യോഗേഷ് ഗുപ്തയുടേതാണ്. അടുത്ത പേര് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിൻ്റേതും മൂന്നാം പേര് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിൻ്റേതുമാണ്. ബിവറേജസ് കോര്പ്പറേഷന് എംഡി എം ആര് അജിത്കുമാര്‍, ആംഡ് ബറ്റാലിയന് എഡിജിപി എസ് ശ്രീജിത് എന്നിവരാണ് യോഗ്യരായ മറ്റുള്ളവര്‍.
ഇതില്‍ നിന്ന് ആദ്യ മൂന്നു പേരുകാരായിയിരിക്കും ചുരുക്ക പട്ടികയില്‍ ഇടം പിടിക്കുക.അതേ സമയം പൊലീസ് മേധാവിമാര്‍ക്ക് കാലാവധി നീട്ടി നല്കിയ മുന്‍ സര്‍ക്കാരിൻ്റെ നടപടി സുപ്രീംകോടതിയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. 2004 ലെ പ്രകാശ് സിംഗ് കേസില്‍ ഡിജിപിമാര്‍ക്ക് ആറുമാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലാവധി അനുവദിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ ഈ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തിയ സുപ്രീംകോടതി ആറുമാസം മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന കാലയളവുവരെ മാത്രമേ പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാവൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്.
കാലാവധി നീട്ടി നല്‍കരുതെന്നാണ് ഇതിലൂടെ കോടതി വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പൊലീസ് മേധാവി സ്ഥാനത്തു തുടരാന്‍ സര്‍വീസുണ്ടെങ്കില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവരുടെ സേവനം തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ റാവാഡ ചന്ദ്രശേഖറിന് ജൂലൈ 31 നു വിരമിക്കേണ്ടിവരും.
അങ്ങനെയെങ്കില്‍ ഇത്തവണ യോഗേഷ് ഗുപ്തയ്ക്കോ മനോജ് എബ്രഹാമിനോ ആയിരിക്കും സാധ്യത. യോഗേഷ് ഗുപ്ത 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും മനോജ് എബ്രഹാം 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമാണ്. യോഗേഷ് ഗുപ്തയ്ക്ക് 2030 വരെയും മനോജ് എബ്രഹാമിന് 2031 വരെയും സര്‍വീസ് കാലാവധിയുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.