ബർലിൻ: മറ്റ് വിദേശരാജ്യങ്ങളിലേക്ക് ജർമനി വഴി കണക്റ്റിങ് വിമാനങ്ങളിൽ പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വീസ ആവശ്യമില്ലെന്ന ജർമൻ സർക്കാരിന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നു.
ജൂൺ 3 ന് ബുധനാഴ്ച മുതൽ നിലവിൽ വന്ന ഈ വിപ്ലവാത്മക മാറ്റത്തോടെ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ 90 യൂറോ (ഏകദേശം 8,500 ഇന്ത്യൻ രൂപ) വീസ ഫീസ് ഇനത്തിൽ മാത്രം ലാഭിക്കാം.ഈ വർഷം ജനുവരിയിൽ ജർമൻ ചാൻസലർ ഫ്രെഡ്രിക് മെർസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ വീസ ഇളവ്. കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസ് ഇത്തരത്തിൽ ട്രാൻസിറ്റ് വീസ ഒഴിവാക്കിയിരുന്നു.തൊട്ടുപിന്നാലെയാണ് ജർമനിയും ഇന്ത്യയെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയത്.ലഫ്താൻസ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങളിൽ യുകെ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ നേട്ടമാകും. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും.
∙യാത്രക്കാർ ശ്രദ്ധിക്കേണ്ട നിബന്ധനകൾ ഈ വീസ ഇളവ് ലഭിക്കുന്നതിന് ചില കർശനമായ നിബന്ധനകൾ ജർമൻ ഹോം ഓഫിസ് മുന്നോട്ട് വയ്ക്കുന്നുണ്ട്. യാത്രക്കാർ ഇവ ശ്രദ്ധിച്ചില്ലെങ്കിൽ എയർപോർട്ടിൽ വച്ച് യാത്ര മുടങ്ങാൻ വരെ കാരണമാകാം.യൂറോപ്പിന് പുറത്തേക്ക് മാത്രമായിരിക്കണം യാത്ര എന്നതാണ് പ്രധാന നിബന്ധന. ഇന്ത്യയിൽ നിന്നും ജർമനി വഴി യുകെ, യുഎസ്, കാനഡ തുടങ്ങിയ 'നോൺ-ഷെങ്കൻ' രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ.
ജർമനിയിൽ വിമാനം ഇറങ്ങി അവിടെ നിന്നും ഫ്രാൻസ് (പാരീസ്), ഇറ്റലി (റോം), നെതർലൻഡ്‌സ് (ആംസ്റ്റർഡാം) തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പോകുന്നതെങ്കിൽ സാധാരണയുള്ള 'ഷെങ്കൻ വിസ' നിർബന്ധമായും എടുത്തിരിക്കണം. അതുപോലെതന്നെ ജർമൻ എയർപോർട്ടിലെ ലേ-ഓവർ സമയം 24 മണിക്കൂറിൽ താഴെയായിരിക്കണമെന്നതും ശ്രദ്ധിക്കണം. യാത്രക്കാർ യാതൊരുകാരണവശാലും രാജ്യാന്തര ട്രാൻസിറ്റ് സോണിന് പുറത്തുകടക്കാനോ എയർപോർട്ട് ഹോട്ടലുകളിൽ തങ്ങാനോ പാടില്ല.
∙ഇളവുകൾ ലഭിക്കുന്ന 5 ജർമൻ വിമാനത്താവളങ്ങൾ ജർമനിയിലെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര ട്രാൻസിറ്റ് സോണുകൾ ഇല്ല. താഴെ പറയുന്ന 5 വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മാത്രമേ വീസയില്ലാത്ത ട്രാൻസിറ്റ് അനുവാദമുള്ളൂ: ∙ഫ്രാങ്ക്ഫർട്ട് - പൂർണ്ണ സമയം ∙മ്യൂണിക്ക് - പൂർണ്ണ സമയം ∙ബർലിൻ ബ്രാൻഡൻബർഗ് - പൂർണ്ണ സമയം ∙ഡ്യൂസൽഡോർഫ് - ഇവിടെ ട്രാൻസിറ്റ് സമയം രാവിലെ 6:00 മണി മുതൽ രാത്രി 9:00 മണി വരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
∙ഹാംബുർഗ്- ഇവിടെ ട്രാൻസിറ്റ് സമയം പുലർച്ചെ 4:30 മുതൽ രാത്രി 11:30 വരെ മാത്രമാണ്. ഡ്യൂസൽഡോർഫ്, ഹാംബുർഗ് വിമാനത്താവളങ്ങൾ വഴി രാത്രി സമയങ്ങളിലാണ് നിങ്ങളുടെ കണക്റ്റിങ് ഫ്ലൈറ്റ് എങ്കിൽ, എയർപോർട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ട്രാൻസിറ്റ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അതത് വിമാനക്കമ്പനികളോട് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.